മുന്നേറാൻ സ്‌കൂൾതലം മുതൽ സമഗ്ര മാറ്റം വേണം: മുഖ്യമന്ത്രി

Thursday 30 December 2021 11:09 PM IST

ശിവഗിരി: അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിജ്ഞാന വിസ്‌ഫോടനം തൊഴിലിനെയും ഉപജീവനത്തെയും സംബന്ധിച്ച ധാരണകളെ മാറ്റിമറിച്ചതായി മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. ഇതിനൊപ്പം മുന്നേറാൻ കേരളത്തിനു കഴിയണമെങ്കിൽ സ്‌കൂൾ മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ പുനഃസംഘടന വേണ്ടിവരുമെന്നാണു സർക്കാർ കാണുന്നതെന്നും ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര നവീകരണം ആരംഭിക്കുകയാണ്. നാടിനെ വിജ്ഞാന സമ്പദ്ഘടനയായും ആധുനിക സമൂഹമായും മാറ്റാനാണ് ശ്രമം. ഉന്നതവിദ്യാഭ്യാസ മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള ജൈവബന്ധം സൃഷ്ടിക്കും.
നാട്ടിൽ വ്യവസായം വരികയും വളരുകയും ചെയ്യണമെങ്കിൽ പശ്ചാത്തല സൗകര്യം വികസിക്കണം. ഇവ ഒരുക്കുന്നതിനുള്ള ഇടപെടൽ ഊർജിതമായി നടക്കുന്നുണ്ട്. അര നൂറ്റാണ്ടു കാത്തിരുന്നാൽ സാദ്ധ്യമാകാത്ത പശ്ചാത്തല സൗകര്യ വികസനമാണ് കിഫ്ബിയിലൂടെ സാദ്ധ്യമാക്കിയത്. അഞ്ചു വർഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികളാണ് കിഫ്ബി വിഭാവനം ചെയ്തിരുന്നത്. എന്നാൽ 62,500 കോടിയുടെ പദ്ധതികൾക്കു തുടക്കം കുറിക്കാൻ കഴിഞ്ഞു. ഇതു കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തി.

Advertisement
Advertisement