ഉയിർപ്പിന്റെ 2021

Thursday 30 December 2021 11:19 PM IST

2020ൽ കൊവിഡിന്റെ പിടിയിൽ പിടഞ്ഞമർന്ന കായികലോകത്തിന്റെ ഉയിർപ്പിന് സാക്ഷ്യം വഹിച്ച വർഷമാണ് 2021.ടോക്യോ ഒളിമ്പിക്സും പാരാലിമ്പിക്സും കോപ്പ അമേരിക്കയും യൂറോ കപ്പും ഉൾപ്പടെ മാറ്റിവയ്ക്കേണ്ടിവന്ന മിക്ക ആഗോള കായിക മാമാങ്കങ്ങളും പുതിയ കാലത്തിന്റെ പരിമിതികൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി 2022ൽ നടത്തപ്പെട്ടു. സ്റ്റേഡിയങ്ങളിലേക്ക് കാണികളുടെ ആരവം പരിമിതമായ തോതിലെങ്കിലും തിരികെയെത്തി. 2021ലെ പ്രധാന കായിക വാർത്തകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...

പോയവർഷത്തെ കായിക മുഹൂർത്തങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ സമ്മർദ്ദങ്ങൾക്കിടയിലും ഒളിമ്പിക്സും പാരാലിമ്പിക്സും വിജയകരമായി നടത്തിയ ജപ്പാന്റെ ഇച്ഛാശക്തിക്ക് തന്നെ ആദ്യ അഭിനന്ദനം നൽകണം. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം കൊവിഡിനെ വരുതിക്കുനിറുത്തി ജപ്പാൻ ഒളിമ്പിക്സിന് അരങ്ങൊരുക്കി. 33 സ്വർണമുൾപ്പടെ 113 മെഡലുകൾ സ്വന്തമാക്കി അമേരിക്ക ഒളിമ്പിക് ചാമ്പ്യന്മാരായപ്പോൾ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് മെഡൽവേട്ടയ്ക്കാണ് ടോക്യോ വേദിയായത്. അത്‌ലറ്റിക്സിലെ രാജ്യത്തിന്റെ ആദ്യ മെഡലിന് തന്നെ സ്വർണനിറം ചാർത്തിയ നീരജ് ചോപ്രയും വെള്ളിത്തിളക്കത്തിലേറിയ മീരാഭായ് ചാനുവും രവി കുമാർ ദഹിയയും വെങ്കലപ്രഭ പരത്തിയ പുരുഷ ഹോക്കി ടീമും പി.വി സിന്ധുവും ലവ്‌ലിന ബോർഗോഹോയ്നും ബജ്റംഗ് പൂനിയയും ചേർന്ന് നേടിയെടുത്ത ഏഴുമെഡലുകൾ ഇന്ത്യൻ കായിക സ്വപ്നങ്ങൾക്ക് മേൽ ഏഴഴകാണ് പകർന്നത്.49 വർഷത്തിന് ശേഷം ഒളിമ്പിക് മെഡലിൽ ഒരു മലയാളിമുത്തം പതിയുന്നതിനും പി.ആർ ശ്രീജേഷിലൂടെ ടോക്യോ സാക്ഷ്യം വഹിച്ചു.

ഒളിമ്പിക്സിന് പിന്നാലെ ഇതേവേദിയിൽ നടന്ന പാരാലിമ്പിക്സിലും ഇന്ത്യ ചരിത്രനേട്ടം കുറിച്ചു. അഞ്ചുസ്വർണവും എട്ടുവെള്ളിയും ആറ് വെങ്കലങ്ങളുമടക്കം 19 മെഡലുകൾ നേടിയ ഇന്ത്യ 23-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഷൂട്ടിംഗിൽ അവണി ലെഖാരയും മനിഷ് നർവാളും അത്‌ലറ്റിക്സിൽ സുമിത് ആന്റിൽ,ബാഡമിന്റണിൽ പ്രമോദ് ഭഗത്- കൃഷ്ണനാഗർ എന്നിവരാണ് സ്വർണം നേടിയത്.

കളർ ടെലിവിഷൻ വന്ന ശേഷം ഇതുവരെ ഒരു അന്താരാഷ്ട്ര കിരീടവുമുയർത്താൻ കഴിഞ്ഞിട്ടില്ലെന്ന കളിയാക്കലിന് മറുപടി നൽകാൻ അർജന്റീന ആരാധകർക്ക് കഴിഞ്ഞതും 2021ലാണ്. പലകുറി ലോകകപ്പുകളിൽ ഉൾപ്പടെ കണ്ണീരണിഞ്ഞ ലയണൽ മെസിയു‌ടെ നേതൃത്വത്തിൽ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചാണ് അർജന്റീന കോപ്പയിൽ സന്തോഷം നിറച്ചത്. ഏൻജൽ ഡി മരിയയാണ് ഫൈനലിലെ അർജന്റീനയുടെ വിജയഗോൾ നേടിയത്. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനും ടോപ് സ്കോററർക്കുമുള്ള പുരസ്കാരങ്ങൾ നേടിയ മെസി കോപ്പ കിരീ‌ടം സമർപ്പിച്ചത് 2020ൽ തങ്ങളെ വിട്ടുപിരിഞ്ഞ ഇതിഹാസതാരം ഡീഗോ മറഡോണയ്ക്കായിരുന്നു.

യൂറോപ്യൻ വൻകരയുടെ ഫുട്ബാൾ ചാമ്പ്യന്മാരായി ഇറ്റലിയു‌ടെ തേരോട്ടം കണ്ടതും 2021ലാണ്.പ്രീ ക്വാർട്ടറിൽ ആസ്ട്രിയയെയും ക്വാർട്ടറിൽ ബെൽജിയത്തെയും കീഴടക്കിയ ഇറ്റലി സെമിയിൽ സ്പെയ്നിന്റെയും ഫൈനലിൽ ഇംഗ്ളണ്ടിന്റെയും വെല്ലുവിളികൾ അവസാനിപ്പിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിലാണ്. ഇറ്റാലിയൻ ഗോളി ഡോണെറുമ്മയുടെ ഇതിഹാസസേവുകളാണ് യൂറോകപ്പിന്റെ ഓർമ്മച്ചിത്രം.അഞ്ചുഗോളുകൾ വീതം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയും പാട്രിക്ക് ഷിക്കും ടോപ്സ്കോറർമാരായി.

ക്രിക്കറ്റിൽ ട്വന്റി ട്വന്റി ലോകകപ്പായിരുന്നു പ്രധാന സംഭവം.യു.എ.ഇയിലും ഒമാനിലുമായി അരങ്ങേറിയ ലോകകപ്പിൽ കിരീടമുയർത്തിയത് ആസ്ട്രേലിയയാണ്.ആദ്യമായാണ് ചെറുഫോർമാറ്റിൽ ആസ്ട്രേലിയ ലോക ചാമ്പ്യന്മാരായത്. ലോകകപ്പുകളുടെ ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാനോട് തോറ്റ ഇന്ത്യയ്ക്ക് സൂപ്പർ 12 റൗണ്ട് കടക്കാനാവാതെ തിരികെ പോരേണ്ടിവന്നു.ലോകകപ്പിന് മുന്നേ തന്നെ ട്വന്റി ട്വന്റി യിലെ നായക സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട് കൊഹ്‌ലിയെ ഏകദിന ക്യാപ്ടൻസിയിൽ നിന്നും മാറ്റി മാറ്റി രോഹിത് ശർമ്മയെ പ്രതിഷ്ഠിക്കുന്നതിനും 2021 സാക്ഷിയായി. വിരാടിന്റെ നേതൃത്വത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ തോറ്റെങ്കിലും ഇപ്പോൾ ലോംഗ് ഫോർമാറ്റിലെ നായകപദവി മാത്രമാണ് വിരാടിന്റെ കൈവശമുള്ളത്. ഐ.പി.എൽ ടീം ആർ.സി.ബിയുടെ നായകവേഷത്തിൽ നിന്നും വിരാട് ഒഴിഞ്ഞിരുന്നു. വെറ്ററൻ താരം ധോണിക്ക് കീഴിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ നാലാമത്തേയും ഐ.പി.എൽ കിരീടമുയർത്തിയത്.

ടെന്നിസിൽ നൊവാക്കിന്റെ ആദ്യ മൂന്ന് ഗ്രാൻസ്ളാമുകളും സ്വന്തമാക്കിയ കുതിപ്പിനും ഒളിമ്പിക് സ്വർണമുൾപ്പടെ ഗോൾഡൻ സ്ളാമും കലണ്ടർ സ്ളാമും നഷ്ടമാക്കിയ കിതപ്പിനും കായികലോകം സാക്ഷിയായി. ആസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നേടിയ നൊവാക്കിനെ ടോക്യോ സെമിയിൽ അലക്സിസ് സ്വരേവും വെങ്കലമെഡൽ പോരാട്ടത്തിൽ പാബ്ളോ ബുസ്തയുമാണ് അട്ടിമറിച്ചത്. യു.എസ് ഓപ്പൺ ഫൈനലിൽ ഡാനിൽ മെദ‌്‌വദേവിനോട് തോറ്റു. ഫോർമുല വൺ കാർ റേസിൽ ലൂയിസ് ഹാമിൽട്ടണിന്റെ എട്ടാം കിരീടസ്വപ്നങ്ങൾ തകർത്ത് മാക്സ് വെസ്റ്റപ്പൻ ആദ്യ ലോക ചാമ്പ്യൻഷിപ്പ് നേടുന്നതിനും 2021 സാക്ഷ്യം വഹിച്ചു.

Advertisement
Advertisement