കുട്ടികളുടെ പാർക്ക് നവീകരിച്ചു : നാളെ തുറക്കും, പാർക്കിൽ പാറിപ്പറക്കാം

Friday 31 December 2021 12:22 AM IST
പ്രതി​രോധം മറക്കാതെ : നവീകരണം നടക്കുന്ന പത്തനംതി​ട്ട നഗരത്തിലെ പാർക്കി​ൽ ചിത്രം വരയ്ക്കുന്നു

പത്തനംതിട്ട : കൊവിഡ് കാലത്ത് നിശ്ചലമായ നഗരമദ്ധ്യത്തിലെ കുട്ടികളുടെ പാർക്ക് നവീകരണത്തിന് ശേഷം നാളെ തുറക്കും. പുതുവർഷ സമ്മാനമായാണ് നഗരസഭ പാർക്ക് തുറന്നുനൽകുന്നത്. തുരുമ്പ് പിടിച്ച് കിടന്ന ഉപകരണങ്ങളെല്ലാം പെയിന്റടിച്ച് വൃത്തിയാക്കി. സ്റ്റേജും മതിലുമെല്ലാം പെയിന്റ് ചെയ്തും വിവിധ കാർട്ടൂണുകൾ വരച്ചും ഭംഗിയാക്കിയിട്ടുണ്ട്. നഗരസഭ 2.70 ലക്ഷം രൂപ ചെലവാക്കിയാണ് ആർട്ട് ജോലികളും ശുചിമുറി നവീകരണവും നടത്തിയത്. പെയിന്റിംഗിനും വൃത്തിയാക്കാനുമായി 75,000 രൂപയും ചെലവായി. പത്തനംതിട്ട നഗരസഭയിലെ മുപ്പതാംവാർഡിലാണ് പാർക്കുള്ളത്.

കൊവിഡിന് മുമ്പ് വരെ വൈകുന്നേരങ്ങളിൽ നിരവധിപേർ കുട്ടികളുമായി പാർക്കിൽ എത്തുമായിരുന്നു. കൊവിഡ് ഇളവിന് ശേഷം തുറന്നില്ല. നഗരത്തിലെ ഏക പാർക്കാണിത്. അവധി ദിവസങ്ങളിൽ രക്ഷിതാക്കളോടൊപ്പം പാർക്കിൽ കുട്ടികൾ സ്ഥിരമായി എത്തുമായിരുന്നു. രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുള്ളതിനാൽ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

പാർക്കിൽ വൈകിട്ട് 4 മുതലായിരുന്നു മുമ്പ് പ്രവേശനം.

അതുമാറ്റി രാവിലെ മുതൽ പ്രവേശനം അനുവദിക്കും.

"കുട്ടികളുടെ പാർക്കിലെ ഇരിപ്പിടങ്ങൾ മുതിർന്നവർക്കും ഉപയോഗിക്കാവുന്നതാണ്. കൊവിഡ് പൂർണമായി മാറിയിട്ടില്ലാത്ത സാഹചര്യത്തിൽ പൊതുഇടങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കണം. സാമൂഹ്യവിരുദ്ധരുടെ ശല്യത്തിന് പൊലീസിന്റെ സഹായം തേടും. "

ടി.സക്കീർ ഹുസൈൻ

നഗരസഭാചെയർമാൻ

പുതുവത്സര സമ്മാനം

നാളെ രാവിലെ 11ന് കുട്ടികളുടെപാർക്ക് പുതുവത്സര സമ്മാനമായി​ മന്ത്രി വീണാജോർജ് നാടിന് സമർപ്പി​ക്കും. നഗരസഭാചെയർമാൻ സക്കീർ ഹുസൈൻ അദ്ധ്യക്ഷതവഹിക്കും.

Advertisement
Advertisement