രണ്ടുമാസം പിന്നിട്ട് മിൽമ ഫുഡ് ട്രക്ക് ; പ്രതിമാസം വരുമാനം 20,000 രൂപ

Friday 31 December 2021 2:02 AM IST

പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം സ്ഥാപിച്ച ഫുഡ് ട്രക്ക്‌

പാലക്കാട്: മലബാർ മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ന്യായമായ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക ലക്ഷ്യമിട്ട് മിൽമ മലബാർ മേഖല യൂണിയനും കെ.എസ്.ആർ.ടി.സിയും സംയുക്തമായി നടപ്പാക്കുന്ന ഫുഡ് ട്രക്ക് പദ്ധതി ('ഷോപ് ഓൺ വീൽ') വിജയകരമായി രണ്ടു മാസം പിന്നിടുന്നു. കാലാവധി കഴിഞ്ഞ കെ.എസ്.ആർ.ടി.സി ബസ് ആവശ്യമായ രൂപമാറ്റം വരുത്തി ഫുഡ് ട്രക്കാക്കികൊണ്ടാണ് സാധാരണക്കാർക്കിടയിൽ ഉത്പന്നങ്ങളുടെ വിതരണം ലഭ്യമാക്കുന്നത്.

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ മിൽമയ്ക്ക് നൽകി അവ നവീകരിച്ച് പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമാണ് ഫുഡ് ട്രക്ക് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതൽ രാത്രി 10.30 വരെയാണ് പ്രവർത്തന സമയം. പ്രതിമാസം 20,​000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. 'ഷോപ് ഓൺ വീൽ'ന് വേണ്ടി കൊമേഷ്യൽ വിങ് രൂപീകരിച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായി കെഎസ്ആർടിസി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സ്വീകാര്യത വർധിച്ചതോടെ സംരംഭം ജില്ലയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.

'മിൽമ ആനവണ്ടി'

ജില്ലയിലെ ഏകപദ്ധതിയായ ഫുഡ് ട്രക്ക് 'ഷോപ്പ് ഓൺ വീൽ', 'മിൽമ ആനവണ്ടി' എന്ന പേരുകളിലും അറിയപ്പെടുന്നു. ചായ, കാപ്പി, ഐസ്‌ക്രീം, ജ്യൂസ്, പുഡിങ് കേക്ക്, മറ്റു പാനീയങ്ങൾ, പലഹാരങ്ങൾ തുടങ്ങി മിൽമയുടെ നാല്പതോളം ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്കുള്ളത്.

സർക്കാർ നിയന്ത്രണത്തിലുള്ള രണ്ട് സ്ഥാപനങ്ങൾക്കും ഒരുപോലെ സഹായകരമാകുന്ന പദ്ധതിയാണിത്. മിൽമയെ കൂടാതെ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാൻ സംരംഭകരായി പൊതുജനങ്ങളെ പങ്കാളികളാക്കാനും കെ.എസ്.ആർ.ടി.സി അധികൃതർ ആലോചിക്കുന്നുണ്ട്.

- ടി.എ ഉബൈദ്,​ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ


Advertisement
Advertisement