വിവാദത്തിനൊടുവിൽ  അനുപമയും  അജിത്തും  വിവാഹിതരായി;  സാക്ഷിയായി  ഏയ്ഡൻ

Friday 31 December 2021 3:12 PM IST

തിരുവനന്തപുരം: കുഞ്ഞിനെ താനറിയാതെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകിയെന്ന കേസിലെ പരാതിക്കാരിയായ അനുപമയും സുഹൃത്ത് അജിത്തും വിവാഹിതരായി. പട്ടം രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ ച‌ടങ്ങിൽ പങ്കെടുത്തു.

കുഞ്ഞിനെ താൻ അറിയാതെ മാതാപിതാക്കൾ ദത്ത് നൽകിയെന്ന അനുപമയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. കുഞ്ഞിന്റെ ജനന സമയത്ത് അജിത്തും ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയിരുന്നില്ല. വിവാഹിതനായ അജിത്തുമായുള്ള ബന്ധം അനുപമയുടെ മാതാപിതാക്കൾ അംഗീകരിച്ചിരുന്നില്ല.

കുഞ്ഞിനെ ദത്തു നൽകിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിയിൽ അനുപമ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അനുപമയും അജിത്തും മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തുകയായിരുന്നു. വിവാദമായതോടെ സർക്കാർ അന്വേഷണം നടത്തി റിപ്പോർട്ട് കുടുംബകോടതിയിൽ സമർപ്പിച്ചു. ഡിഎൻഎ പരിശോധനാഫലം അനുകൂലമായതിനെതുടർന്ന് ആന്ധ്രയിലെ ദമ്പതികൾ ദത്തെടുത്ത കുട്ടിയെ കോടതിയുടെ അനുമതിയോടെ അനുപമയ്ക്കും അജിത്തിനും മടക്കി നൽകുകയായിരുന്നു.