ജില്ലയിൽ വാക്സിനെടുക്കാൻ 48,854 കുട്ടികൾ

Saturday 01 January 2022 12:49 AM IST

പത്തനംതിട്ട : ജില്ലയിൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു. ജനുവരി മൂന്നുമുതലാണ് വാക്‌സിനേഷൻ തുടങ്ങുന്നത്. 2007ലോ അതിനുമുമ്പോ ജനിച്ച 15 വയസ് പൂർത്തിയായവരെയാണ് പരിഗണിക്കുന്നത്.
ജില്ലയിൽ ഈ വിഭാഗത്തിൽ 48,854 കുട്ടികളാണുള്ളത്. ഇവർക്ക് ജില്ലയിലെ 63 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൊവാക്‌സിൻ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി എല്ലാവാക്‌സിനേഷൻ കേന്ദ്രങ്ങളിലും പ്രത്യേക രജിസ്‌ട്രേഷൻ കൗണ്ടറും പ്രത്യേക ക്യൂവും ക്രമീകരിക്കും. രജിസ്‌ട്രേഷൻ സമയത്ത് ആധാറോ, സ്‌കൂൾ ഐഡിയോ ഹാജരാക്കണം.
ആഴ്‌ചയിൽ നാലുദിവസമാണ് കുട്ടികൾക്ക് വാക്‌സിനേഷനുള്ള സൗകര്യമുള്ളത്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് വാക്സിനേഷൻ. രക്ഷിതാക്കളോടൊപ്പം വേണം വാക്‌സിനേഷൻ കേന്ദ്രത്തിലെത്താൻ. ഏതെങ്കിലും തരത്തിലുള്ള അലർജിയോ, മറ്റുരോഗങ്ങളോ ഉള്ളവർ ജില്ലയിലെ മേജർ ആശുപത്രികളിലെത്തി വാക്‌സിൻ സ്വീകരിക്കണം. കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുൻപ് ആദ്യഡോസ് എടുക്കാത്തവരും രണ്ടാംഡോസ് എടുക്കാൻ സമയം കഴിഞ്ഞവരും വാക്‌സിൻ സ്വീകരിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

Advertisement
Advertisement