തിരൂർ വെറ്റില ഇനി കർഷക കമ്പനി വിൽക്കും

Saturday 01 January 2022 12:02 AM IST

മലപ്പുറം: ഇടനിലക്കാരെ ഒഴിവാക്കി വെറ്റില നേരിട്ട് വിപണിയിൽ എത്തിക്കാനും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും ലക്ഷ്യമിട്ട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുമായി തിരൂർ വെറ്റില കർഷകർ. കർഷക കൂട്ടായ്മയായ തിരൂർ വെറ്റില ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ കമ്പനി രജിസ്റ്റർ ചെയ്ത് 10 പേരടങ്ങുന്ന ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുത്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനുള്ള നടപടികളിലാണ്. കമ്പനി രൂപവത്കരിച്ച് ഗോഡൗൺ, ഓഫീസ് സംവിധാനങ്ങൾ ഒരുക്കാൻ 65 ലക്ഷം രൂപ കൃഷി വകുപ്പ് അനുവദിച്ചിട്ടുണ്ട്. വെറ്റിലയ്ക്ക് ഏറെ ആവശ്യക്കാരുള്ള ബംഗ്ലാദേശിലേക്ക് കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് അയക്കുന്നത് വർദ്ധിപ്പിക്കും. നിലവിൽ കയറ്റുമതിക്കാർ ഏജന്റുമാർ മുഖേനയാണ് വെറ്റില ശേഖരിക്കുന്നത്. ഇതിനുപകരം പ്രൊഡ്യൂസ‌ർ കമ്പനി നേരിട്ട് കയറ്റുമതിക്കാരുമായി ബന്ധപ്പെട്ട് കച്ചവടമുറപ്പിക്കും. രണ്ടാംഘട്ടത്തിൽ വെറ്റിലയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് കടക്കും. ഓയിൽ, മരുന്ന്,​ സൗന്ദര്യവർദ്ധക വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, മൗത്ത് ഫ്രഷ് ച്യൂവിംഗ് ഗം, മുറിവെണ്ണ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണം മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുണ്ട്. വെറ്റിലയിൽ ആന്റിമൈക്രോബിയൽ, ആന്റി ഓക്സിഡന്റുകളുടെ വലിയ സാന്നിദ്ധ്യമുണ്ട്.

ഉത്പാദന ചെലവും കിട്ടുന്നില്ല

ഇടനിലക്കാരുടെ ചൂഷണം മൂലം ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ് വെറ്റില കർഷകർ. നൂറ് വെറ്റിലകളടങ്ങുന്ന ഒരുകെട്ടിന് 100 രൂപ കിട്ടിയിരുന്ന സ്ഥാനത്തിപ്പോൾ 25 രൂപയാണ് ലഭിക്കുന്നത്. ഇത്രയും വെറ്റില നുള്ളാൻ 11 രൂപ കൂലി നൽകണം. ഭംഗി, എരിവ്, കനംകുറവ്, ഔഷധഗുണം എന്നിവയിൽ മുന്നിലാണെന്നതിനാൽ മുറുക്കുന്നവരുടെ പ്രിയ ഇനമാണ് തിരൂർ വെറ്റില. തിരൂരിൽ നിന്ന് ദിവസേന 20 ടൺ വരെ വെറ്റില പാക്കിസ്ഥാനിലേക്ക് കയറ്റിയയച്ചിരുന്നു. നയതന്ത്ര പ്രശ്നങ്ങൾക്ക് പിന്നാലെ ഇതുനിന്നു. ഉത്തരേന്ത്യയിലും തിരൂർ വെറ്റിലയ്ക്കാണ് പ്രിയം. വെറ്റില വില കുറയുകയും വെറ്റിലക്കൊടി പടർത്താനുള്ള കവുങ്ങിൻതടി, വളം എന്നിവയുടെ വില കൂടുകയും ചെയ്തതോടെ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. നിലവിൽ രണ്ട് ടൺ വെറ്റില മാത്രമാണ് തിരൂരിൽ നിന്ന് കയറ്റിയയക്കുന്നത്. തിരൂരിലും സമീപപ്രദേശങ്ങളിലുമായി 5,000 വെറ്റില കർഷകരുണ്ട്.

പ്രൊഡ്യൂസർ കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. കർഷകരെ ഓഹരി ഉടമകളാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. കമ്പനി നിലവിൽ വരുന്നതോടെ വെറ്റിലയ്ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനാവും

ബീന, കൃഷി ഓഫീസർ തിരൂർ

വെറ്റിലയെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാൽ കർഷകർക്ക് പിടിച്ചുനിൽക്കാനാവും. ഇടനിലക്കാരെ ഒഴിവാക്കി വിപണനം ഉറപ്പാക്കാനാണ് ശ്രമം.

പറമ്പാട്ട് ഷാഹുൽ ഹമീദ്, പ്രസിഡന്റ്, തിരൂർ വെറ്റില ഉത്പാദക സംഘം

മൂല്യവർദ്ധിത ഉത്പന്നങ്ങൾ സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾക്ക് തുടക്കമിടേണ്ടതുണ്ട്. കർഷകരെ സംഘടിപ്പിച്ചും കൂടുതൽ ഉത്പന്നങ്ങളിലൂടെയും ഭൗമസൂചികാ പദവിയെ മാർക്കറ്റിംഗ് ചെയ്യാനായാൽ വലിയ നേട്ടമാവും.

ഡോ. പി.കെ.അബ്ദുൽജബ്ബാർ, അസി.പ്രൊഫ. കേരള കാർഷിക സർവകലാശാല.

Advertisement
Advertisement