മത വൈരമല്ല,പുരോഗതിയാണ് നാടിനാവശ്യം:മന്ത്രി വാസവൻ

Saturday 01 January 2022 12:25 AM IST

തിരുവനന്തപുരം: മതത്തിന്റെയും ജാതിയുടേയും പേരിലുള്ള വൈരാഗ്യമല്ല, വ്യക്തിയുടേയും നാടിന്റെയും പുരോഗതിയാണ് ആവശ്യമെന്ന് പഠിപ്പിച്ച ഗുരുവിനെ ഒാർത്താൽ രാജ്യത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.ശിവഗിരി തീർത്ഥാടക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വസാഹോദര്യമാണ് ഗുരു ഉപദേശിച്ചത്. സമൂഹം കൃഷിയിലൂടെയും വ്യവസായത്തിലൂടെയും പുരോഗതി കൈവരിക്കണമെന്നും പറഞ്ഞു. പ്രപഞ്ച സത്യത്തെ മനുഷ്യന്റെ ജീവിത പുരോഗതിക്ക് എങ്ങിനെ ഉപയുക്തമാക്കാമെന്ന പ്രായോഗിക കർമ്മസിദ്ധാന്തമാണ് ഗുരു നൽകിയതെന്നും മന്ത്രി പറഞ്ഞു.

ഗുരുസൂക്തങ്ങളുടെ പൊരുളറിഞ്ഞാൽ നാടിന് ശാന്തി കിട്ടുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.സമഭാവനയും വിദ്യാഭ്യത്തിന്റെ പ്രാധാന്യവും അദ്ദേഹം സമൂഹത്തിന് നൽകി. ദൈവദശകത്തിന്റെ നൂറാം വാർഷികത്തിൽ അതച്ചടിച്ച് സ്കൂളുകളിലും പൊതുജനങ്ങൾക്കും നൽകാൻ മുൻകൈയ്യെടുത്തത് ചരിത്ര നിയോഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .സമൂഹത്തിന്റെ ഇല്ലായ്മകളിൽ നിന്നും മുന്നേറാൻ ഗുരുദേവൻ നിർദ്ദേശിച്ച അഷ്ടലക്ഷ്യങ്ങളിലൂട സാധിക്കുമെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. ആധുനിക സാഹചര്യത്തിൽ ലോകത്തിന് മുന്നിൽ വിദ്യാസമ്പന്നരെ വാർത്തെക്കുന്നതിനുള്ള ദീർഘവീക്ഷണമായിരുന്നു ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരു ജനിച്ചില്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ഗുരുദേവനെ അപഹസിച്ചവർ പോലും ഇപ്പോൾ ഗുരുദേവനെ അംഗീകരിക്കുകയും നവോത്ഥാന നായകനായി പ്രഖ്യാപിക്കുകയും ചെയ്യുന്നത് സന്തോഷകരമാണ്. ഗുരുദേവൻ .മതങ്ങൾ തമ്മിൽ പരസ്പരം സ്നേഹിക്കാനാണ് ആഹ്വാനം ചെയ്തത്. ഗുരുദേവൻ പുലർത്തിയത് ഏകലോക സിദ്ധാന്തമാണെന്ന് മെഡിമിക്സ് ചെയർമാൻ എ.വി.അനൂപ് പറഞ്ഞു. ഗുരുദേവനെക്കുറിച്ചുള്ള വെബ്‌സൈറ്റിലേക്ക് എത്താൻ കഴിയുന്ന ക്യു.ആർ കോഡുള്ള ഒന്നര ലക്ഷം ആശംസാ കാർഡ് വിതരണം ചെയ്യുന്നത് ഗുരുദേവനോടുള്ള കാണിക്കയായാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement