കുരുക്ക് ട്രെയിലർ കൂട്ടക്കുരുക്കിലായി !  ഭീമൻ ട്രെയിലർ ശാസ്താംകോട്ടയിൽ നിർത്തിയിട്ടു

Saturday 01 January 2022 12:44 AM IST
യന്ത്ര ഭാഗങ്ങളുമായി പോകുന്ന ഭീമൻ ട്രെയിലർ

 ഭീമൻ ട്രെയ്‌ലർ ശാസ്താംകോട്ടയിൽ നിർത്തിയിട്ടു

കൊല്ലം: ഐ.എസ്.ആർ.ഒയിലേക്കുളള യന്ത്രഭാഗങ്ങളുമായി റോഡുമാർഗം തുമ്പയിലേക്ക് പോവുകയായിരുന്ന ഭീമൻ ട്രെയ്‌ലർ ഗതാഗതക്കുരുക്കിൽപ്പെട്ട് ശാസ്താംകോട്ടയിൽ നിറുത്തിയിട്ടു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുളള റോഡിലെ തിരക്ക് ഒഴിവായി ഇന്ന് രാത്രിയോടെ യാത്ര പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ചവറ, നീണ്ടകര പാലങ്ങളിലൂടെ ട്രെയ്‌ലറിന് പോകാൻ കഴിയാത്തതിനാൽ ചവറ, ശാസ്താംകോട്ട വഴി അടൂരിലെത്തി എം.സി റോഡിലൂടെ വഴി തിരിച്ചു വിടുകയായിരുന്നു. ബഹിരാകാശ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്രൂ മോഡിയൂളിന്റെ ഇരുമ്പ് പുറംചട്ട തിരുച്ചിറപ്പള്ളിയിൽ നിന്ന് ട്രെയ്‌ലറിൽ തുമ്പയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുളള നിസിൻ എ.ബി.സി ലോജിസ്റ്റിക് കമ്പനിയാണ് യന്ത്രസാമഗ്രികൾ എത്തിക്കുന്നതിന് കരാറെടുത്തത്. ഉയർന്ന ബെഡുളള ട്രെയിലർ ഉപയോഗിച്ചതു കാരണം റോഡിൽ പലയിടങ്ങളിൽ ഗതാഗതക്കുരുക്കും പാലങ്ങളിലും ടോളുകളിലും തടസവുമുണ്ടായി. തുടർന്ന് ആലപ്പഴ ടോൾ ഗേറ്റിൽ ട്രെയ്‌ലർ നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഏതാനും മാസം മുമ്പ് കൊല്ലം തുറമുഖത്തെത്തിച്ച ഐ.എസ്.ആർ.ഒയിലേക്കുളള കാർഗോ റോഡ് മാർഗം തുമ്പയിലെത്തിച്ച രാജി എസ്. പിളളയുടെ സഹായം കമ്പനി തേടിയത് ഇതോടെയാണ്. തുടർന്ന് അവരുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്ന് യാത്ര പുനരാരംഭിക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കാൻ ലോ ബെഡ് ട്രെയിലറിലേക്ക് യന്ത്രസാമഗ്രികൾ മാറ്റുകയും ചവറ, നീണ്ടകര പാലങ്ങൾ ഒഴിവാക്കാൻ എം.സി റോഡ് യാത്രയ്ക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

ശിഖരങ്ങൾ മുറിച്ചു നീക്കി,

മതിൽ പൊളിച്ചു മാറ്റി

ദേശീയ പാതയിൽ ചവറ ഇടപ്പള്ളിക്കോട്ടയിൽ വെറ്റമുക്കിന് സമീപം നിറുത്തിയിട്ടിരുന്ന ട്രെയ്‌ലർ പൊലീസിന്റെയും കെ.എസ്.ഇ. ബി ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെ അഞ്ചരയോടെയാണ് പുറപ്പെട്ടത്. വഴിയിലെ വൈദ്യുത ലൈനുകൾ ഓഫാക്കുകയും വൃക്ഷശിഖരങ്ങൾ മുറിച്ചു നീക്കുകയും ചെയ്തിരുന്നു. ചിലയിടങ്ങളിൽ താണുകിടന്ന വൈദ്യുത, ടെലിഫോൺ ലൈനുകൾ അഴിച്ചു മാറ്റുകയും ഉയർത്തിക്കെട്ടുകയും ചെയ്തു. കൂഴംകുളം ജംഗ്ഷനിലെ റോഡിന്റെ വീതിക്കുറവ് കാരണം ഒരു സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ചുനീക്കേണ്ടിവന്നു. രാവിലെ മുതൽ ദേശീയ പാതയിലും പിന്നീട് ചവറ- ശാസ്താംകോട്ട റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. കാണികളായി വലിയ ജനക്കൂട്ടവും എത്തിയോടെ കുരുക്ക് ഒഴിവാക്കാൻ പൊലീസും ഏറെ പണിപ്പെട്ടു. ചവറ, തെക്കുംഭാഗം, ശാസ്താംകോട്ട പൊലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ തിരിച്ചുവിട്ടാണ് കുരുക്ക് ഒഴിവാക്കിയത്.

ട്രെയ്‌ലർ

വീതി : 6.8 മീറ്റർ

ഉയരം : 5.6 മീറ്റർ

റോഡിലെ തടസം നീക്കൽ ചെലവ്:10 ലക്ഷം

Advertisement
Advertisement