ഗോവയ്ക്കെതിരെ ജയിച്ചാൽ പൊയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ അവസരം, ഇടഞ്ഞ കൊമ്പനെ കാണാനായ സന്തോഷത്തിൽ ആരാധകർ

Saturday 01 January 2022 9:07 PM IST

തിലക് മൈതാൻ: നിരാശാജനകമായ ഒരുപിടി സീസണുകൾക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്‌ളാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുക്കുന്ന സന്തോഷത്തിലാണ് കേരളത്തിലെ ഫുട്ബാൾ ആരാധകർ. ഞായറാഴ്ച എഫ് സി ഗോവയ്ക്കെതിരായ മത്സരത്തിൽ വിജയിച്ചാൽ ഐ എസ് എൽ പൊയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള സുവർണ്ണാവസരമാണ് ബ്‌ളാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. വൈകിട്ട് 7.30നാണ് മത്സരം.

നിലവിൽ പൊയിന്റ് പട്ടികയിൽ അ‌ഞ്ചാം സ്ഥാനത്തുള്ല കേരളാ ബ്‌ളാസ്റ്റേഴ്സിന് എഫ് സി ഗോവയ്ക്കെതിരെ വിജയിക്കാൻ സാധിച്ചാൽ 16 പൊയിന്രാകും. നിലവിൽ ഒന്നാം സ്ഥാനത്തുള്ള മുംബയ് എഫ് സിക്കും 16 പൊയിന്റാണ് ഉള്ളത്. എന്നാൽ ബ്‌ളാസ്റ്റേഴ്സിന് ഗോവയെ കുറഞ്ഞത് മൂന്ന് ഗോളിന്രെയെങ്കിലും മാർജിനിൽ പരാജയപ്പെടുത്താൻ സാധിച്ചാൽ ഗോൾ വ്യത്യാസത്തിൽ മുംബയ് സിറ്റിയെ മറികടക്കാൻ സാധിക്കും. ആദ്യ അഞ്ചു സ്ഥാനത്തുള്ള ടീമുകൾ തമ്മിൽ പൊയിന്റുകളിൽ കാര്യമായ വ്യത്യാസമില്ലാത്തത് ആകാംക്ഷ കൂട്ടുന്നുണ്ട്. പൊയിന്റ് നിലയിൽ ആദ്യ നാല് സ്ഥാനക്കാർക്കാണ് സെമിഫൈനലിലേക്കുള്ള പ്രവേശനം ലഭിക്കുക.

പൊയിന്റ് പട്ടികയിൽ എട്ട് പൊയിന്റുകളുമായി ഒൻപതാം സ്ഥാനത്തുള്ള എഫ് സി ഗോവയെ പരാജയപ്പെടുത്തുകയെന്നത് ബ്‌ളാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ഫോമിൽ അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. മദ്ധ്യനിരയിലും മുന്നേറ്റനിരയിലും ഒത്തിണക്കത്തോടെ കളിക്കുന്ന ഒരു കേരളാ ബ്‌ളാസ്റ്റേഴ്സ് ടീമിനെ വളരെനാളുകൾക്ക് ശേഷമാണ് ഫുട്ബാൾ ആരാധകർ കാണുന്നത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

Advertisement
Advertisement