കെ. സുധാകരന് കമ്മിഷന്റെ താക്കീത്

Monday 22 April 2019 12:00 AM IST

തിരുവനന്തപുരം: കണ്ണൂരിൽ സ്ഥാനാർത്ഥിയായ പി.കെ. ശ്രീമതിയെ അവഹേളിക്കുന്ന ഹൗസ് എന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരന് ചീഫ് ഇലക്ടറൽ ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്നതും മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമാണിതെന്നു കമ്മിഷൻ നിരീക്ഷിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് ഉടൻ നീക്കാനും നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച നോട്ടീസ് സുധാകരന് നൽകാനും തുടർ റിപ്പോർട്ട് സമർപ്പിക്കാനും ഡി.ജി.പിയോട് ആവശ്യപ്പെട്ടു . സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ നീക്കാതിരിക്കുകയും ഇത്തരം നടപടി ആവർത്തിക്കുകയും ചെയ്താൽ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷൻ മുന്നറിയിപ്പ് നൽകി.