ഡി ലിറ്റ് നൽകണമെന്നത് വൈസ് ചാൻസലറുടെ ചെവിയിൽ സ്വകാര്യം പറയേണ്ട കാര്യമല്ല; ഗവർണർ വിമർശനത്തിന് അതീതനല്ലെന്ന് വി ഡി സതീശൻ

Sunday 02 January 2022 11:05 AM IST

തിരുവനന്തപുരം: ഡി ലിറ്റ് വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർ വിമർശനത്തിന് അതീതനല്ല. ഡി ലിറ്റ് നൽകണമെന്നത് വൈസ് ചാൻസലറുടെ ചെവിയിൽ സ്വകാര്യം പറയേണ്ട കാര്യമല്ല. ചാൻസലറുടെ പദവിയിലിരുന്ന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെങ്കിൽ ഗവർണർ നിയമപരമായ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല കോൺഗ്രസിന്റെ പ്രധാന നേതാവാണ്. മുൻ പ്രതിപക്ഷ നേതാവാണ്. അദ്ദേഹത്തോട് അഭിപ്രായം പറയേണ്ടെന്ന് താനെങ്ങനെയാണ് പറയുകയെന്ന് സതീശൻ ചോദിച്ചു. പാർട്ടിയുടെ കൂട്ടായ നിലാപാട് താനും കെ പി സി സി അദ്ധ്യക്ഷനും പറയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

'കെ പി സി സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ഇതുവരെ ഒരു കാര്യത്തിലും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. ഞങ്ങൾ കൂടിയാലോചന നടത്തി ഒറ്റ അഭിപ്രായമേ പറയാറുള്ളൂ. സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ഗവർണർ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. നിയമവിരുദ്ധമായ കാര്യം ചെയ്ത ഗവർണറെ എന്തുകൊണ്ട് വിമർശിച്ചുകൂടാ. ഇന്ത്യൻ പ്രസിഡന്റിന് ഡി ലിറ്റ് കൊടുക്കാൻ ഗവർണർ സ്വകാര്യമായി വൈസ് ചാൻസലറുടെ ചെവിയിൽ പറയേണ്ട കാര്യമല്ല. നിയമപരമായ നടപടിക്രമങ്ങൾ ഇവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.'- സതീശൻ പറഞ്ഞു.