മുണ്ടൂർ - തൂത നാലുവരിപ്പാത നിർമ്മാണം, ചെർപ്പുളശ്ശേരി വില്ലേജ് പരിധിയിൽ ഒഴിപ്പിക്കാനുള്ളത് 310 കൈയ്യേറ്റങ്ങൾ

Monday 03 January 2022 12:03 AM IST

ചെർപ്പുളശ്ശേരി : മുണ്ടൂർ - തൂത സംസ്ഥാന പാത നാലുവരിയാക്കി നവീകരിക്കുന്നതിന്റെ ഭാഗമായി ചെർപ്പുളശ്ശേരി വിലേജ് പരിധിയിൽ ഒഴിപ്പിക്കേണ്ടത് 310 കൈയ്യേറ്റങ്ങൾ. ഡെപ്യൂട്ടി തഹൽസിദാരുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ നടന്നത്. കൈയ്യേറിയ ഭാഗങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കച്ചേരിക്കുന്ന്, മാങ്ങോട്, തൂത തുടങ്ങിയ സ്ഥലങ്ങളിൽ അനധികൃത കൈയ്യേറ്റങ്ങൾ പൊളിച്ചുനീക്കി തുടങ്ങിയിട്ടുണ്ട്. കൈയ്യേറിയവർക്ക് ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായി നേരത്തെ നോട്ടീസ് നൽകിയിരുന്നു. വ്യാപാര സ്ഥാപനങ്ങളുടെ
കെട്ടിടഭാഗങ്ങൾ, വീട്ടു മതിൽ, വീട് തുടങ്ങിയവയാണ് കൈയ്യേറ്റ ഭൂമിയിലുള്ളത്. സർവ്വേയിൽ കച്ചേരിക്കുന്ന് പള്ളിയും താമസമുള്ള 12 വീടുകളും കൈയ്യേറ്റത്തിൽ ഉൾപ്പെട്ടുണ്ട്. പി. മമ്മിക്കുട്ടി എം.എൽ.എയും ഉടമസ്ഥരും തമ്മിലുള്ള ചർച്ചക്ക് ശേഷമാവും ഈ ഭാഗത്ത് മറ്റു നടപടികളിലേക്ക് കടക്കുക.

അധികം കൈയ്യേറ്റങ്ങൾ ഉള്ളത് ചെർപ്പുളശ്ശേരി വില്ലേജ് പരിധിയിൽ

മുണ്ടൂർ - തൂത റോഡിൽ ഏറ്റവും അധികം കൈയ്യേറ്റങ്ങൾ ഉള്ളത് ചെർപ്പുളശ്ശേരി വില്ലേജ് പരിധിയിലാണ്. പൊതുമരാമത്തിന് ഇതു സംബന്ധിച്ച സർവേ റിപ്പോർട്ട് നൽകും. തുടർന്ന് ഈ മേഖലയിൽ നവീകരണ പ്രവർത്തനം ആരംഭിക്കും.

റോഡ് നിർമ്മാണത്തിന് 344 കോടി രൂപ

കെ.എസ്.ടി.പി റീബിൽഡ് കേരള ഫണ്ടുപയോഗിച്ച് 344 കോടി രൂപ ചെലവിലാണ് റോഡ് നിർമ്മിക്കുന്നത്.

Advertisement
Advertisement