മരട് ഫ്ലാറ്റ് പൊളിക്കൽ: സംസ്ഥാന സർക്കാരിന്റെ 66 കോടി സ്വാഹ!,​ ഇനിയും നഷ്ടപരിഹാരം കിട്ടാത്ത 86 കുടുംബങ്ങൾ

Monday 03 January 2022 12:45 AM IST

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിവിവാദത്തിന് മൂന്നുവയസ് പൂർത്തിയാകുമ്പോഴും കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ മുൻകൂറായി നൽകിയ 66 കോടി രൂപയുടെയും ഒരു ഫ്ലാറ്റിലെ 86 കുടുംബങ്ങളുടെ മുടക്കുമുതലിന്റെയും കാര്യത്തിൽ തീരുമാനമായില്ല.

തീരദേശപരിപാലന നിയമം ലംഘിച്ചെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നെട്ടൂർ ആൽഫ സെറീൻ, കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ., കണ്ണാടിക്കാട് ഗോൾഡൻ കായലോരം, നെട്ടൂർ കേട്ടേഴത്ത് കടവ് ജെയിൻ കോറൽ കോവ് എന്നീ വൻകിട ഫ്ലാറ്റുകളാണ് 2020 ജനുവരി 11, 12 തീയതികളിൽ പൂർണമായും പൊളിച്ചടുക്കിയത്.

4 ഫ്ളാറ്റുകളിൽ നിന്നുമായി ആകെ 346 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. അനധികൃത നിർമ്മാണമായതിനാൽ മുഴുവൻ കുടുംബങ്ങൾക്കും നിർമ്മാതാക്കൾ പണം തിരികെ നൽകണമെന്നും സുപ്രീം കോടതി നി‌ർദ്ദേശിച്ചിരുന്നു. രണ്ടു ഫ്ലാറ്റുകാർക്ക് പൂർണമായും ഒരെണ്ണത്തിൽ 90 ശതമാനം തുകയും ഇതുവരെ മടക്കി നൽകി. അവശേഷിക്കുന്ന 10 ശതമാനം തുക മൂന്നുമാസത്തിനകം തിരികെ നല്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒവിലെ 86 കുടുംബങ്ങൾക്ക് സംസ്ഥാനസർക്കാർ ഇടക്കാലാശ്വാസമായി നല്കിയ 25 ലക്ഷംരൂപയല്ലാതെ നിർമ്മാതാക്കളുടെ വിഹിതം ഇതുവരെ കിട്ടിയിട്ടില്ല.

 സർക്കാരിന് കിട്ടാനുള്ളത്

4 ഫ്ലാറ്റുകൾ പൊളിക്കാൻ 66 കോടിരൂപ സർക്കാരിന് ചെലവായി. 3.60 കോടി രൂപ പൊളിക്കലിന് മാത്രമായി. ബാക്കി 62.40 കോടി താമസക്കാർക്കുള്ള ഇടക്കാല ആശ്വാസവുമായിരുന്നു. ഈ തുക നിർമ്മാതാക്കളിൽ നിന്ന് ഈടാക്കുമെന്ന വ്യവസ്ഥയുണ്ട്. മൂന്നുവർഷമായിട്ടും പൊതുഖജനാവിൽ നിന്ന് മുടക്കിയ പണത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് 25 ലക്ഷംരൂപവീതമാണ് സർക്കാർ നല്കിയത്.

 യഥാർത്ഥ ഉടമകൾ 272

പൊളിച്ചുനീക്കിയ കെട്ടിടങ്ങളിൽ നിന്ന് 364 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചെങ്കിലും ഇതിൽ 272 പേരാണ് യഥാർത്ഥ ഉടമകൾ. ഇവർ കെട്ടിടനിർമ്മാതാക്കൾക്ക് നല്കിയ തുക എത്രയെന്ന് കണ്ടെത്തി തിരികെ ലഭ്യമാക്കുന്നതിന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചു. ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് എന്നീ ഫ്ലാറ്റുകളിലെ മുഴുവൻ (110) അപ്പാർട്ടുമെന്റ് ഉടമകൾക്കും പണം ലഭിച്ചു. ആൽഫ ലെയിനിലെ 78 പേർക്ക് ഏറ്റവും ഒടുവിൽ ഈ ജനുവരി 1ന് ലഭിച്ചതുൾപ്പെടെ 90 ശതമാനം തുകയും മടക്കി നൽകി.

 നീരാവിയാകുമോ എച്ച്.ടു.ഒ

ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റ് നിർമ്മാതാക്കൾ 42 കോടി രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇതിൽ 29 കോടി സംസ്ഥാന സർക്കാരിനുള്ളതാണ്. റവന്യു റിക്കവറിയാകാമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും കെട്ടിട നിർമ്മാതാവിന്റെ അസൽ ആസ്തി 7.6 കോടിമാത്രമാണെന്നാണ് വിവരം.

Advertisement
Advertisement