പിങ്ക് ബോർഡിലുണ്ട് കുട്ടി വാക്സിൻ

Monday 03 January 2022 12:53 AM IST

പത്തനംതിട്ട : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്‌സിൻ യജ്ഞം ഇന്ന് മുതൽ ജില്ലയിൽ ആരംഭിക്കും. രജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ശനിയാഴ്ച ആരംഭിക്കേണ്ട രജിസ്‌ട്രേഷൻ വാക്‌സിൻ എത്താതിരുന്നസാഹചര്യത്തിലാണ് ഞായറാഴ്ചത്തേക്ക് മാറ്റിയത്. ജനറൽ, ജില്ല,താലൂക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെല്ലാം വാക്‌സിൻ ലഭിക്കും. പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോഴഞ്ചേരി ജില്ലാആശുപത്രി, തിരുവല്ല, മല്ലപ്പള്ളി, കോന്നി, റാന്നി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ബുധനാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസവും വാക്‌സിൻ നൽകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് വാക്‌സിൻ നൽകുക. കോവോക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. എല്ലാകേന്ദ്രങ്ങളിലും കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും. ജില്ലയിൽ ഈ വിഭാഗത്തിൽ 48,854 കുട്ടികളാണുള്ളത്.

അനുവദിച്ച 17,000 ഡോസ് എത്തിയിട്ടില്ലാത്തതിനാൽ ശേഖരത്തിലുള്ളത് ഉപയോഗിച്ച് വാക്‌സിനേഷൻ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്യാം

വാക്‌സിൻ ലഭിക്കുന്നതിനായി cowin.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായും വാക്‌സിൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും ബുക്ക് ചെയ്യാം. കോവിൻ പോർട്ടലിൽ രക്ഷിതാക്കളുടെ നിലവിലുള്ള അക്കൗണ്ട് വഴിയോ പുതിയ മൊബൈൽ നമ്പർ ഉപയോഗിച്ചോ രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Advertisement
Advertisement