ആഹാരനിയന്ത്രണവും വ്യായാമവും വേണ്ട, സൈക്കിളിൽ സഞ്ചരിക്കൂ ; ഭാരം പമ്പ കടക്കും

Monday 03 January 2022 12:02 AM IST
ജോതിഷ് അജയ് നായർ

പത്തനംതിട്ട : പൊണ്ണത്തടികൊണ്ട് പൊറുതിമുട്ടുന്നവരോട് കുമ്പനാട് സ്വദേശിയായ ജ്യോതിഷ് അജയ് നായർ പറയും. 'സൈക്ളിംഗിൽ ഒരു കൈ നോക്കൂ. ശരീരഭാരവും ആരോഗ്യ പ്രശ്നങ്ങളും പമ്പകടക്കും'. 24 വയസുള്ളപ്പോൾ ജ്യോതിഷിന്റെ ശരീരഭാരം 100 കിലോയായിരുന്നു. ആരോഗ്യസ്ഥിതി തീരെമോശം. ഓടിയുംനടന്നും തടി കുറയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഭക്ഷണനിയന്ത്രണവും ഏറ്റില്ല. സൈക്കിൾയാത്ര തുടങ്ങിയതോടെ 25കിലോ കുറഞ്ഞു. 25കാരനായ ജ്യോതിഷിനിപ്പോൾ തൂക്കം 75 കിലോ.

സൈക്കിൾയാത്ര ഹരമായതോടെ ദീർഘദൂരയാത്ര നടത്തുന്ന എൻഡ്യൂറിംഗ് സൈക്ലിംഗിൽ സജീവമാണിപ്പോൾ. ശരീരത്തിന് വ്യായാമം ലഭിക്കുന്നതിനൊപ്പം പുതിയആളുകളെയും സ്ഥലങ്ങളെയും പരിചയപ്പെടാം. പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചുള്ള ട്രാവൻകൂർ റൈഡേഴ്‌സ് ക്ലബിലൂടെ പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.ആർ.എം എൻഡ്യൂറിംഗ് സൈക്ലിംഗിൽ പങ്കെടുക്കുകയാണ് ജ്യോതിഷിപ്പോൾ. ഇന്ത്യയിൽ എ.ഐ.ആർ (ഒഡക്സ് ഇന്ത്യ റാൻഡോനേസ്) ആണ് ഈ സൈക്ലിംഗ് നടത്തുന്നത്.

കൊച്ചിയിൽ പി.എസ്.എൻ കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനായ ജ്യോതിഷ് കുമ്പനാട് മോളിക്കൽ കലാഭവനിൽ സുരേഷ് - അനിത ദമ്പതികളുടെ മകനാണ്. സഹോദരി: ജ്യോതി.

ജ്യോതിഷിന്റെ മികച്ചനേട്ടം

13 മണിക്കൂറിനുള്ളിൽ കൊച്ചിയിൽ നിന്ന്

പീച്ചിഡാമിലേക്കും തിരിച്ചും. ദൂരം : 200 കിലോമീറ്റർ.

കൊച്ചി, അങ്കമാലി, തൊടുപുഴ പാലാ വഴി

തിരികെ കൊച്ചിയിലേക്ക്. ദൂരം : 300 കിലോമീറ്റർ

കൊച്ചി - തിരുവനന്തപുരം. ദൂരം : 400 കിലോമീറ്റർ

കൊച്ചി - വാളയാർ - കൊച്ചി - ചാത്തന്നൂർ. ദൂരം : 600 കിലോമീറ്റർ

1200 കിലോമീറ്റർ 90 മണിക്കൂർ കൊണ്ട് പൂർത്തിയാക്കുകയാണ് ഇനിയുള്ള ലക്ഷ്യം.

എൻഡ്യൂറിംഗ് സൈക്ലിംഗ്

വ്യായാമത്തോടൊപ്പം യാത്രയിലേക്കെത്തുന്നുവെന്നതാണ് എൻഡ്യൂറിംഗ് സൈക്ലിംഗിനെ വ്യത്യസ്തമാക്കുന്നത്. ബി.ആർ.എം പോലുള്ള സൈക്ലിംഗ് പരിപാടികൾക്ക് നിശ്ചിതസമയമുണ്ട്. സൈക്കിളിനുണ്ടാകുന്ന പഞ്ചറടക്കമുള്ള തകരാറുകൾ സ്വയംപരിഹരിക്കണമെന്നാണ് ഇതിലെ നിയമം.

" റോഡ് ബൈക്ക് എന്ന സൈക്കിളാണ് ഞാൻ ഉപയോഗിക്കുന്നത്. മുമ്പ് 100 മീറ്റർ ഓടിയാൽ കിതച്ച് വീണുപോകുമായിരുന്നു. ഇപ്പോൾ 10 കിലോമീറ്റർ വരെ ഓടാൻ കഴിയും. പ്രതിരോധശക്തി നന്നായികൂടും. ആത്മവിശ്വാസവും വർദ്ധിക്കും. "

ജോതിഷ് അജയ് നായർ

Advertisement
Advertisement