കഥാപ്രസംഗ കലാകാരന്മാർക്ക് 19 ലക്ഷത്തിന്റെ പദ്ധതിയുമായി സംഗീത നാടക അക്കാഡമി

Monday 03 January 2022 12:24 AM IST

തൃശൂർ: കൊവിഡിൽ പ്രതിസന്ധിയിലായ കഥാപ്രസംഗ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് 19 ലക്ഷത്തിന്റെ സമഗ്ര പദ്ധതിയുമായി കേരള സംഗീത നാടക അക്കാഡമി. ഇതിന്റെ ഭാഗമായി, 30 സീനിയർ കാഥികരെ പങ്കെടുപ്പിച്ച് അഞ്ച് കേന്ദ്രങ്ങളിൽ കഥാപ്രസംഗ മഹോത്സവം നടത്തും. ഇവർക്ക് 40,000 രൂപ വീതം പ്രതിഫലം നൽകും. കഥനകലയെ നവീകരിക്കാനും കലാകാരന്മാർക്ക് മികച്ച വേദികളിൽ കലാവിഷ്‌കാരം നടത്താനും അവസരമൊരുക്കും. 15 നും 50 നുമിടയിൽ പ്രായമുള്ള 35 കാഥികർക്ക് 20,000 രൂപ വീതം ധനസഹായമാണ് ഇതിനായി നൽകുക. വെള്ളക്കടലാസിൽ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം ബയോഡാറ്റ, ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന രേഖ, കഥാപ്രസംഗരംഗത്തെ പ്രവർത്തനപരിചയം തെളിയിക്കുന്ന രേഖകൾ, 10 മിനിട്ട് ദൈർഘ്യമുള്ള കഥാപ്രസംഗഭാഗത്തിന്റെ സിഡി/പെൻഡ്രൈവ് (ഓർക്കസ്ട്ര നിർബന്ധമില്ല) എന്നിവ സമർപ്പിക്കണം.


ഒരു കാഥികന്റെ ഒരു അപേക്ഷ മാത്രമേ സ്വീകരിക്കൂ. തിരഞ്ഞടുക്കപ്പെടുന്നവർ അക്കാഡമി നിർദ്ദേശിക്കുന്ന കേന്ദ്രത്തിൽ കഥാപ്രസംഗം അവതരിപ്പിക്കണം. അപേക്ഷയും അനുബന്ധരേഖകളും 15 ന് വൈകിട്ട് അഞ്ചിനകം ഓഫീസിൽ സമർപ്പിക്കണം. കഥാപ്രസംഗാവതരണം ഇമെയിൽ, വാട്ട്‌സ്ആപ് മാദ്ധ്യമങ്ങളിലൂടെ സ്വീകരിക്കില്ല. ഹാജരാക്കുന്ന രേഖകൾ തിരികെ നൽകില്ലെന്നും സെക്രട്ടറി അറിയിച്ചു.

Advertisement
Advertisement