സി.എൻ.ജിയില്ല; ക്യൂവിൽ വാഹനങ്ങൾ

Monday 03 January 2022 12:02 AM IST

മലപ്പുറം: ജില്ലയിൽ സി.എൻ.ജി വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും വാതകം നിറയ്ക്കാനായി പ്രയാസപ്പെടുകയാണ് വാഹനയുടമകൾ. ഓട്ടോറിക്ഷ സ്റ്റാന്റുകളിലും മറ്റും സി.എൻജി വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിനുള്ള സി.എൻ.ജി വാതകം ജില്ലയിൽ എത്താത്തതാണ് പ്രധാന പ്രശ്നം. നിലവിലെ സാഹചര്യത്തിൽ ആകെ അഞ്ചിടങ്ങളിൽ മാത്രമാണ് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുള്ളത്.

സി.എൻ.ജി ഓട്ടോറിക്ഷക്കാരാണ് പ്രധാനമായും ബുദ്ധിമുട്ടനുഭവിക്കുന്നത്. ചെറിയ ഓട്ടോകൾക്ക് അഞ്ച് കിലോയും വലിയ ഓട്ടോകൾക്ക് എട്ട് കിലോയുമാണ് ഇന്ധനം നിറക്കാനുള്ള കപ്പാസിറ്റി. മൈലേജിൽ സി.എൻ.ജി ഓട്ടോകൾ കേമനാണെങ്കിലും വാതകം വരുന്നതും നോക്കി കാത്തിരിക്കണമെന്ന് മാത്രം. രാവിലെ ഏഴോടെയാണ് എറണാകുളത്ത് നിന്നും ജില്ലയിലേക്ക് സി.എൻ.ജി എത്തുന്നത്. രാവിലെ നേരത്തെ എത്തുമെങ്കിലും പത്തോടെ സി.എൻ.ജി തീരും. പിന്നീട് സി.എൻ.ജി ലഭിക്കണമെങ്കിൽ രാത്രിയിലെ ലോഡ് വരുന്നതും നോക്കി കാത്തിരിക്കണം. രാത്രിയിൽ ലോഡ് വന്നില്ലെങ്കിൽ പുലർച്ചെ ഓട്ടോകളുമായി വന്ന് സി.എൻ.ജി പമ്പുകളിൽ ക്യൂ പാലിക്കണം. 500 കിലോ സി.എൻ.ജി വാതകമാണ് ജില്ലയിലെ ഓരോ യൂണിറ്റുകളിലും നിറക്കാനുള്ള കപ്പാസിറ്റിയുള്ളത്. എന്നാൽ ഇതിൽ കൂടുതൽ വാഹനങ്ങൾ ജില്ലയിലുണ്ട്. ജില്ലയിൽ സി.എൻ.ജി കേന്ദ്രമില്ലാത്തതാണ് ആവശ്യത്തിന് വാതകം ലഭ്യമാവാത്തതിന്റെ കാരണം. മറ്റു ജില്ലകളേയോ സംസ്ഥാനങ്ങളേയോ ആശ്രയിക്കാതെ ജില്ലയ്ക്ക് സ്വന്തമായി സി.എൻ.ജി കേന്ദ്രം വരുന്നതോടെ മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയൊള്ളു.

സി.എൻ.ജി വാഹനങ്ങൾ കൂടുന്നു

ജില്ലയിൽ 2021ൽ മാത്രം 246 സി.എൻ.ജി വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 197 ഓട്ടോറിക്ഷകളും 49 ചരക്ക് വാഹനങ്ങളുമാണുള്ളത്. പുതുതായി ഇറങ്ങുന്ന ഓട്ടോറിക്ഷകൾക്ക് സി.എൻ.ജി സൗകര്യത്തോടൊപ്പം മൂന്ന് ലിറ്റർ പെട്രോളടിക്കാനുള്ള സൗകര്യവുമുണ്ട്. മൂന്ന് ലിറ്റർ പെട്രോൾ സൗകര്യം താത്കാലിക ആശ്വാസം മാത്രമാണ്.

ജില്ലയിൽ സി.എൻ.ജി സൗകര്യങ്ങളുള്ള സ്ഥലങ്ങൾ

കോഡൂർ

വൈലത്തൂർ

ചെമ്മാട്

വണ്ടൂർ

രാമനാട്ടുകര ബൈപ്പാസ്

സി.എൻ.ജി വാഹനങ്ങളുടെ എണ്ണം

കൊണ്ടോട്ടി

ഓട്ടോറിക്ഷ 43

ചരക്ക് വാഹനം 11

മലപ്പുറം

ഓട്ടോറിക്ഷ 89

ചരക്ക് വാഹനം 22

നിലമ്പൂർ

ഓട്ടോറിക്ഷ 29

ചരക്ക് വാഹനം 1

പെരിന്തൽമണ്ണ

ഓട്ടോറിക്ഷ 31

ചരക്ക് വാഹനം 12

പൊന്നാനി

ഓട്ടോറിക്ഷ 5

ചരക്ക് വാഹനം 3

വാഹനമോടിക്കാൻ വളരെ സുഖപ്രദമാണ്. മൈലേജും ലഭിക്കുന്നുണ്ട്. പക്ഷേ, മുടങ്ങാതെ ഓട്ടോറിക്ഷ ഓടിക്കണമെങ്കിൽ സി.എൻ.ജി നിറയ്ക്കാനുള്ള കേന്ദ്രങ്ങൾ ആരംഭിക്കണം.

മുനീർ മച്ചിങ്ങൽ ,​ ഓട്ടോറിക്ഷ തൊഴിലാളി

സി.എൻ.ജിയുടെ വില 60ൽ നിന്ന് ഇപ്പോൾ 75 രൂപയായിട്ടുണ്ട്. വില കുറച്ച് എല്ലായിടത്തും സി.എൻ.ജി സൗകര്യങ്ങൾ എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കണം.

അമീർ മുണ്ടുപറമ്പ് മേൽമുറി,​ ഓട്ടോറിക്ഷ തൊഴിലാളി

Advertisement
Advertisement