കെ റെയിൽ വിഷയത്തിൽ ഒരടി പിന്നോട്ടില്ല: കോടിയേരി

Monday 03 January 2022 12:19 AM IST
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊട്ടരക്കരയിൽ നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാനം ചെയ്യുന്നു

കൊല്ലം: കെ റെയിൽ പദ്ധതിയിൽ നിന്ന് ഒരടിപോലും പിന്നോട്ടുപോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലെ ഇ കാസിം നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ റെയിൽ പദ്ധതിക്ക് എതിർപ്പുകളുണ്ടെന്ന് പറഞ്ഞ് ജനങ്ങളുടെ ഇടയിൽ അങ്കലാപ്പുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത്തരം അനാവശ്യ രാഷ്ട്രീയ വിമർശനങ്ങളെ പൊതുസമൂഹം തള്ളിക്കളയണം. ജനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക. അതിവേഗ റെയിൽ കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണ്. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവർക്ക് യാതൊരു ആശങ്കയും വേണ്ട. ഭൂമിയുടെ അവകാശികൾക്കൊപ്പം ഇടത് സർക്കാരുണ്ടാകുമെന്നതാണ് ഉറപ്പ്. പുനരധിവാസം വേണ്ടവർക്ക് അത് നൽകും, നഷ്ടപരിഹാരം വേണ്ടവർക്കും കെട്ടിടം വേണ്ടവർക്കും സംവിധാനമുണ്ടാക്കും. കേന്ദ്രം എതിർത്തുവെന്ന് കരുതി നിസഹായരായി നിന്നാൽ കേരളത്തിന്റെ സ്ഥിതിയെന്താകുമെന്നും കോടിയേരി ചോദിച്ചു. ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്. സുദേവൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, കെ. സോമപ്രസാദ് എം.പി, കെ. രാജഗോപാൽ, സൂസൻ കോടി, എസ്. ജയമോഹൻ, പി.എ. എബ്രഹാം, എം.എച്ച്. ഷാരിയർ, പി.കെ. ജോൺസൺ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement