ഒമാനിൽ ശക്തമായ മഴ : 6 മരണം

Monday 03 January 2022 1:06 AM IST

മസ്‌കറ്റ്: ഒമാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിൽപ്പെട്ട് 6 മരണം. മരിച്ചവരിൽ 5 പേർ ഒരു കുടുംബത്തിൽപ്പെട്ടവരാണ്. സമായിൽ ഗവർണറേറ്റിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ട് വാദി സുറൂർ അരുവിയിലേക്ക് മറിഞ്ഞാണ് അഞ്ചു പേരും മരിച്ചത്. ഇവിടെ നിന്ന് മറ്റൊരാളുടെ മൃതദേഹം കൂടി ലഭിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്.ഏതാനും പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഒമാനിലെ വടക്കൻ മേഖലകളിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്. ഇതിൽ അകപ്പെട്ട നിരവധി പേരെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ചേർന്ന് രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. സൗത്ത് ബത്തീന, റുസ്തഖ് മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയുണ്ടായത്.ഇതിനെ തുടർന്ന് മലഞ്ചെരിവുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്.

ജാഗ്രതാ മുന്നറിയിപ്പ്

ജനുവരി 5 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. അൽ ദഹിറ,​ മുസന്തം, നോർത്ത് അൽ ബത്തീന,, അൽ ദഖ്ലിയ, സൗത്ത് അൽ ബത്തീന, മസ്‌കറ്റ്, അൽ ബുറൈമി,നോർത്ത് അൽ ശർഖിയ്യ,​ സൗത്ത് അൽ ശർഖിയ്യ എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളത്. ഇവിടെയുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മഴയുള്ള സമയത്ത് വാദികൾ മുറിച്ചു കടക്കുകയോ അപകടകരമാം വിധം വെള്ളം ഉയർന്ന സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാൻ പോവുകയോ ചെയ്യരുതെന്നും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചിട്ടുണ്ട്.

യു.എ.ഇ യിലും കുവൈറ്റിലും മഴ തുടരും

യു.എ.ഇയിലും കുവൈറ്റിലും ശക്തമായ കാറ്റും മഴയും തുടരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് മോട്ടോർ ഉപയോഗിച്ച് പമ്പു ചെയ്താണ് വെള്ളം നീക്കം ചെയ്തത്. താപനില കുറ‍ഞ്ഞതോടെ യു.എ.ഇ യിൽ തണുപ്പ് വർദ്ധിച്ചു. ക്ലൗഡ് സീഡിങിലൂടെയാണ് യു.എ.ഇ യിൽ ശക്തമായ മഴ ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.

അബുദാബി, അൽഐൻ, റാസൽഖൈമ,​ ദുബായ്, ഷാർജ, , ഫുജൈറ എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെ ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചു.

അതേ സമയം ശക്തമായ മഴയെ തുടര്‍ന്ന് കുവൈറ്റിലെ പ്രധാന ഭൂഗര്‍ഭ പാതകളായ അല്‍ ഗസ്സാലി,ഫഹാഹീലിലേക്കു പോകുന്ന മന്‍ഗഫ് ,​ അല്‍ ജഹ്റ ഇന്‍ഡസ്ട്രിയല്‍, എന്നീ ടണലുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവ അടച്ചതായി അധികൃതര്‍ അറിയിച്ചു.

Advertisement
Advertisement