വിദ്യാർത്ഥികൾക്ക് ബൂസ്റ്റർ ഡോസിന് മുൻകൂർ അനുമതി വേണ്ട : ഖത്തർ

Monday 03 January 2022 1:40 AM IST

ദോഹ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷാ വിഷയത്തിൽ മുൻകരുതലെടുത്ത് ഖത്തർ ഭരണകൂടം. ഇതിന്റെ ഭാഗമായി ഖത്തറിൽ അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾ ,​ അദ്ധ്യാപകർ, മറ്റു സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ മുൻകൂർ ബുക്കിംഗ് ഇല്ലാതെ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. നിലവിൽ ഖത്തറിൽ 12 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾക്കാണ് കൊവിഡ് വാക്സിൻ നൽകുന്നത്.

രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് സ്‌കൂളുകളിൽ ഓൺലൈൻ പഠനമായിരിക്കുമെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള സമയപരിധി 9 മാസമായി കുറച്ചിട്ടുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ആശുപത്രികളിൽ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം 833 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5045 ആയി.

Advertisement
Advertisement