ഇനി ആനവണ്ടിക്ക് വൃത്തിയില്ലെങ്കിൽ ഉടനടി നടപടി; ഗാരേജ് ജീവനക്കാർക്ക് 'പണി' കൊടുക്കാൻ കെഎസ്‌ആർ‌ടിസി

Monday 03 January 2022 7:10 PM IST

തിരുവനന്തപുരം: ട്രാൻസ്‌പോർട്ട് ബസുകളിൽ യാത്ര ചെയ്‌താൽ അഴുക്ക് ഉടുപ്പിൽ പറ്റുമെന്നത് നമ്മുടെ നാട്ടിൽ സ്ഥിരം കേൾക്കുന്ന പരാതിയാണ്. ഇനി മുതൽ എന്നാൽ ഈ പരാതിയ്‌ക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് കോർപറേഷൻ. വൃത്തിക്കുറവുളള കെ.എസ്.ആർ.ടി.സി.ബസുകളുടെ ചുമതലയുളള ഗാരേജുകളിലെ ജീവനക്കാർക്കാണ് 'പണി' കിട്ടുക.

സി.എം.ഡി ബസുകൾ കഴുകി വൃത്തിയാക്കി മാത്രമേ സർവീസ് നടത്താവൂ എന്ന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും പലയിടത്തും ഇതൊന്നും നടക്കില്ല. ബസിൽ ജോലി നോക്കേണ്ട ഡ്രൈവർമാരും കണ്ടക്ടർമാരും കൂടി പരാതി പറയാൻ തുടങ്ങിയതോടെയാണ് കൃത്യമായ നടപടിയെടുക്കാൻ കോർപറേഷൻ തീരുമാനിച്ചത്.

ഗാരേജ് അധികാരികളുടെ വീഴ്‌ചയാണ് ബസ് കൃത്യമായി വൃത്തിയാക്കാതിരിക്കാൻ കാരണം. ഡിപ്പോകളിൽ ബസുകൾ കഴുകുന്ന ജോലി ചെയ്യുന്നത് പുറത്തുനിന്നുളളവരാണ്. കഴുകിയാലും പുറമേ മാത്രം വൃത്തിയാക്കുകയാണ് പതിവ്. പ്ലാറ്റ്‌ഫോം, സീറ്റുകൾ, ഷട്ടർ, ഡ്രൈവറുടെ ക്യാബിൻ, പിന്നിലെ ഗ്ലാസ് എന്നിവയൊന്നും പലപ്പോഴും വൃത്തിയാക്കാറില്ല. ഇക്കാര്യങ്ങളിലെ പ്രശ്‌ന പരിഹാരത്തിന് ഇത്തരത്തിൽ ബസിന്റെ ഫോട്ടോകളോ വീഡിയോ അടക്കമോ ഉള‌ള തെളിവോടെ പരാതി ലഭിച്ചാൽ ഗാരേജ് അധികാരിക്കും ചുമതലപ്പെട്ട ജീവനക്കാർക്കും എതിരായി ഇനിമുതൽ നടപടിയുണ്ടാകും.