തൃക്കാക്കര: പോരാട്ടത്തിനായി അണിയറനീക്കം

Tuesday 04 January 2022 12:48 AM IST

കൊച്ചി: ഭൂരിപക്ഷം വർദ്ധിപ്പിച്ച് പി.ടി. തോമസിന് ആദരവായി വൻവിജയം ആവർത്തിക്കാൻ കോൺഗ്രസും യു.ഡി.എഫും. ഭരണത്തിന്റെ മികവിന് സാക്ഷ്യപത്രമാകാൻ വിജയം നേടാൻ കഠിനശ്രമത്തിന് സി.പി.എമ്മും എൽ.ഡി.എഫും. കരുത്ത് തെളിയിക്കാൻ ബി.ജെ.പിയും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാക്കാൻ മുന്നണികളിൽ അണിയറനീക്കം തുടങ്ങി.

പി.ടി. തോമസിന്റെ ഓർമ്മകളാകും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകുകയെന്ന് വ്യക്തമാണ്. അണിയറനീക്കങ്ങൾ ആരംഭിച്ചെങ്കിലും സ്ഥാനാർത്ഥി ആരാകണമെന്നത് ഉൾപ്പെടെ ചർച്ചകൾ മുന്നണികൾ ഒൗദ്യോഗികമായി ആരംഭിച്ചിട്ടില്ല. വിജയം ആവർത്തിക്കുക യു.ഡി.എഫിന് അഭിമാനപ്രശ്നമാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സദ്ഭരണത്തിന് അംഗീകാരമായി വിജയിക്കാൻ കഴിയുമോയെന്നാണ് എൽ.ഡി.എഫ് ക്യാമ്പിലെ സംസാരങ്ങൾ. കരുത്ത് തെളിയിക്കാൻ ബി.ജെ.പിയും കളത്തിലിറങ്ങും.

പി.ടി. തോമസിന്റെ പിൻഗാമി ആരെന്ന ചോദ്യം കോൺഗ്രസിലും യു.ഡി.എഫിലും മാത്രമല്ല എതിർപാളയങ്ങളിലും സജീവമാണ്. സ്ഥാനാർത്ഥിയെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ തൃക്കാക്കര നിലനിറുത്തുമെന്ന ഉറപ്പും വിശ്വാസവും നേതാക്കൾക്കുണ്ട്. പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിനെ മത്സരിപ്പിക്കാൻ നീക്കമുണ്ട്. അനുകൂല പ്രതികരണം ഉമയിൽ നിന്നുണ്ടായിട്ടില്ല.

പി.ടി. തോമസിന്റെ ഉറ്റസുഹൃത്തായ മുൻ അംബാസഡർ വേണു രാജാമണിയെ സ്ഥാനാർത്ഥിയാക്കാമെന്ന നിർദ്ദേശമുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെയും പരിഗണിച്ചേക്കും. എറണാകുളം ജില്ലയിൽ നിന്ന് വനിതാ എം.എൽ.എമാരില്ലെന്ന കുറവും പരിഹരിക്കാൻ കഴിയുമെന്ന വിലയിരുത്തലും ദീപ്തിക്ക് അനുകൂലമായുണ്ട്.

മുൻമേയർ ടോണി ചമ്മിണിയാണ് സാദ്ധ്യതയുള്ള മറ്റൊരാൾ. മുൻമേയറെന്ന നിലയിൽ നഗരത്തിൽ സുപരിചിതനാണ്. ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിലൂടെ ടോണി ശ്രദ്ധ നേടിയിരുന്നു. പി.ടിയുടെ അടുത്ത സുഹൃത്തുമാണെന്നതും സഹായമാകും.

ഇടതു മുന്നണിയിൽ സി.പി.എമ്മിന്റെ സീറ്റാണ് തൃക്കാക്കര. കഴിഞ്ഞ തവണ സി.പി.എം സ്വതന്ത്രൻ ഡോ.ജെ. ജേക്കബാണ് മത്സരിച്ചത്. അദ്ദേഹത്തെ വീണ്ടും പരീക്ഷിക്കുമോയെന്ന് വ്യക്തമല്ല. വിജയം ഉറപ്പിക്കാൻ കഴിയുന്ന സ്ഥാനാർത്ഥി വേണമെന്ന ചിന്ത എൽ.ഡി.എഫിലുണ്ട്. എം. സ്വരാജിനെ പരിഗണിക്കണമെന്ന് ചില നേതാക്കൾക്ക് താല്പര്യമുണ്ട്. പാർട്ടിതലത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന അദ്ദേഹം തയ്യാറാകുമോയെന്നും വ്യക്തമല്ല. പ്രാദേശിക ബന്ധങ്ങളുള്ള നേതാക്കളെയോ പൊതുസമ്മതരെയോ മത്സരിപ്പിക്കാനും സാദ്ധ്യതയുണ്ട്.

ബി.ജെ.പിയിലും ചർച്ചകൾ മുറുകിയിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച എസ്. സജിയെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ആലോചനയുണ്ട്. എൻ.ഡി.എയിലെ ഘടകക്ഷിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം ചർച്ച ചെയ്യാൻ എൻ.ഡി.എ സംസ്ഥാന യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് പാർട്ടി ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാർച്ചിൽ വോട്ടെടുപ്പ്

തൃക്കാക്കരയിലെ ഒഴിവ് സംബന്ധിച്ച് നിയമസഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ മാർച്ചിൽ തിരഞ്ഞെടുപ്പിന് സാദ്ധ്യതയേറി. മറ്റു ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തൃക്കാക്കരയിലും നടത്തുമെന്നാണ് സൂചനകൾ. ഈ മാസം അവസാനം വിജ്ഞാപനം പുറപ്പെടുവിച്ച് മാർച്ചിൽ വോട്ടെടുപ്പ് നടത്താവുന്ന വിധത്തിൽ തീരുമാനമുണ്ടാകുമെന്നും സൂചനകളുണ്ട്. വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെ ജോലികൾ ജില്ലാ ആസ്ഥാനത്ത് ഉടൻ ആരംഭിക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പ്

പി.ടി. തോമസ് (യു.ഡി.എഫ് ) 59,839

ഭൂരിപക്ഷം : 14,329

ഡോ.ജെ. ജേക്കബ് (എൽ.ഡി.എഫ് ): 45,510

എസ്. സജി (ബി.ജെ.പി) : 15,483

ടെറി തോമസ് (ട്വന്റി 20): 13,897

Advertisement
Advertisement