കൊവിഡിനെതിരെ ആദ്യഡോസ് പ്രതിരോധം നേടി 4,120 കുട്ടികൾ

Tuesday 04 January 2022 12:54 AM IST

കൊച്ചി: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 15 മുതൽ 18 വയസുവരെയുള്ള 4,120 കുട്ടികൾക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകി. 32 കേന്ദ്രങ്ങളിലായിരുന്നു വാക്‌സിനേഷൻ. ഓൺലൈൻ ബുക്കിംഗിലൂടെയെത്തിയവർക്ക് കൊവാക്‌സിൻ ആണ് നൽകിയത്. 15-18 പ്രായത്തിലുള്ള 1.7 ലക്ഷത്തോളം കുട്ടികളാണ് ജില്ലയിലുള്ളത്.

ജില്ലയിലെ എല്ലാ പി.എച്ച്.സികളിലും കുട്ടികൾക്ക് രാവിലെ എട്ടുമുതൽ പകൽ രണ്ടുവരെ വാക്സിൻ സ്വീകരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ സ്‌കൂളുകളിൽ വാക്സിൻ നൽകാൻ ആരംഭിക്കുമെന്ന് ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. കെ.ശിവദാസ് പറഞ്ഞു. ഇതിനായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, സ്‌കൂൾ അധികൃതർ, പഞ്ചായത്ത് അധികാരികൾ എന്നിവരുടെ യോഗം ബുധനാഴ്ച ചേരും. നാളെ കുട്ടികൾക്ക് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല.

കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്ന കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ ജില്ലാ കളക്ടർ ജാഫർ മാലിക് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ.കെ.ശിവദാസ്, ജില്ലാ വാക്‌സിൻ ആൻഡ് കോവിഡ് ചെയിൻ മാനേജർ വൈശാഖ് എം.ജി, കരുവേലിപ്പടി ഡിവിഷൻ കൗൺസിലർ ബാസ്റ്റിൻ ബാബു എന്നിവരും സന്നിഹിതരായിരുന്നു. 119 കുട്ടികൾക്ക് ഇവിടെ വാക്‌സിൻ നൽകി.

പറവൂർ താലൂക്ക് ആശുപത്രിയിൽ ഓൺലൈൻ ബുക്ക് ചെയ്ത 105 പേർക്കാണ് വാസ്കിനേഷൻ നൽകിയത്. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ, ബീന ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement