ഞാങ്കടവ് ദേ വരുന്നു, പാളത്തിനടിയിലൂടെ...

Tuesday 04 January 2022 12:25 AM IST
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ മുറിച്ചുകടക്കുന്ന എ.ആർ ക്യാമ്പിന് സമീപത്തെ റെയിൽവേ പാളം

 ട്രെയിൻ പാളത്തിനടിയിലൂടെ പൈപ്പിടൽ മാർച്ചിൽ

കൊല്ലം: കൊല്ലം എ.ആർ ക്യാമ്പിനും കമ്മിഷണർ ഓഫീസിനും ഇടയിലുള്ള ട്രെയിൻ പാളത്തിനടിയിലൂടെ ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ മാർച്ചിൽ സ്ഥാപിക്കും. ട്രെയിൻ ഗതാഗതം തടസപ്പെടുത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ ജാക്ക് ആൻഡ് പുഷ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൈപ്പിടുന്നത്.

ഞാങ്കടവിലെ ഭീമൻ കിണറിൽ നിന്നു വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കുന്ന ജലം ശുദ്ധീകരിച്ച് മണിച്ചിത്തോട്ടിലെ ടാങ്കിലെത്തിക്കും. അവിടെ നിന്നു ആനന്ദവല്ലീശ്വരത്തെ ടാങ്കിലെത്തിച്ച ശേഷമാകും വിതരണം. ഇത്തരത്തിൽ മണിച്ചിത്തോട്ടിൽ നിന്നു ആനന്ദവല്ലീശ്വരത്തേക്കുള്ള പൈപ്പ് ലൈനാണ് പാളത്തിനടിയിൽ മൂന്ന് മീറ്റർ ആഴത്തിൽ സ്ഥാപിക്കുന്നത്. ഇതിനായി ആദ്യം പാളത്തിന് ഇരുവശവും മൂന്ന് മീറ്രർ ആഴത്തിൽ വലിയ കുഴികൾ സ്ഥാപിക്കും. ശേഷം മണ്ണ് തുരക്കുന്നതിനായി മുന്നിൽ ജാക്ക് ഘടിപ്പിച്ച് പൈപ്പ് കടത്തിവിടും. 914 മില്ലീ മീറ്റർ വ്യാസമുള്ള, ഇരുവശത്തും സിമന്റ് കോട്ടിംഗുള്ള പൈപ്പാണ് മണിച്ചിത്തോട്ടിൽ നിന്നു ഇട്ടുവരുന്നത്. പാളത്തിനടിയിൽ 1400 മില്ലീ മീറ്റർ വ്യാസമുള്ള, കാഥോഡൈസേഷന് വിധേയമാക്കിയ പൈപ്പാണ് ആദ്യമിടുന്നത്. അതിലൂടെയാകും വെള്ളം കൊണ്ടുപോകുന്നതിനുള്ള 914 മീറ്റർ വ്യാസമുള്ള പൈപ്പ് കടത്തിവിടുക. ഇതിന് ഏകേദശം 20 ദിവസം എടുക്കുമെന്നാണ് കണക്കുകൂട്ടൽ. നേരത്തെ കേരളപുരത്ത് സമാനമാതൃകയിൽ പാളത്തിന് അടിയിലൂടെ പൈപ്പിട്ടിരുന്നു.

നിലവിൽ മണിച്ചിത്തോട്ടിൽ നിന്നു കോർപ്പറേഷൻ ഓഫീസ് വരെയും ആനന്ദവല്ലീശ്വരത്തേക്ക് കൊണ്ടുപോകാൻ ഡി.സി.സി ഓഫീസ്- ബെൻസിഗർ റോഡിലും പൈപ്പിട്ടു. ഇപ്പോൾ ഈ ഭാഗത്ത് ഒന്നരമീറ്റർ ആഴത്തിൽ കുഴിയെടുക്കുമ്പോൾ തന്നെ വെള്ളം നിറയുകയാണ്. അതുകൊണ്ട് ജലനിരപ്പ് താഴാനാണ് പാളത്തിന് അടിയിലൂടെയുള്ള പൈപ്പിടൽ മാർച്ചിലേക്ക് നീട്ടിയത്. കൊല്ലം കോർപ്പറേഷന് സമീപം മേവറം ചിന്നക്കട റോഡും മുറിച്ചുകടക്കണം. ഇവിടെ ഒരോ വശത്ത് വീതം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി രണ്ടുദിവസം കൊണ്ട് പൈപ്പിടാനാണ് ആലോചന.

 കാത്തിരിക്കാം, ഒരു വർഷം കൂടി

ഒരു വർഷത്തിനുള്ളിൽ ഞാങ്കടവിൽ നിന്നുള്ള കുടിവെള്ള വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റ് 60 ശതമാനവും പൈപ്പിടൽ 70 ശതമാനവും മണിച്ചിത്തോട്ടിലെ ടാങ്ക് നിർമ്മാണം 80 ശതമാനവും പൂർത്തിയായി. എന്നാൽ ഞാങ്കടവിലെ കിണറിൽ ജലലഭ്യത ഉറപ്പാക്കാൻ കല്ലടയാറ്റിലെ തടയണ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. നിർമ്മാണം ആദ്യം ഏറ്റെടുത്ത ഏജൻസി കരാർ ഉപേക്ഷിച്ചു. പിന്നീട് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള ടെണ്ടർ നടപടി അന്തിമഘട്ടത്തിലാണ്. തടയണ പൂർത്തിയാകാൻ ഇനി രണ്ടുവർഷമെങ്കിലും എടുക്കും. അതിന് മുൻപേ മറ്റ് പ്രവൃത്തികൾ പൂർത്തിയാക്കി കുടിവെള്ള വിതരണം ആരംഭിക്കാനാണ് ആലോചന.

Advertisement
Advertisement