റബറിൽ നിന്നൂറുന്നത് കറയല്ല, കണ്ണീര്

Monday 03 January 2022 11:40 PM IST

വിലയിടിവിൽ പ്രതിസന്ധിയിലായി റബർ കർഷകർ

പത്തനംതിട്ട: തോരാമഴയും പ്രളയവും തീർത്ത ദുരിതങ്ങൾക്ക് ശേഷം പച്ചപിടിച്ച റബർ ഉൽപ്പാദനം വിലയിടിവിൽ പ്രതിസന്ധിയിലായി. റബർ കറ കൂടുതലായി ലഭിക്കുന്ന ഡിസംബർ, ജനുവരി മാസങ്ങളിലുണ്ടായ വിലയിടിവ് കർഷകർക്ക് തിരിച്ചടിയായി. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 185-190 രൂപ ലഭിച്ചുകൊണ്ടിരുന്നത് കഴിഞ്ഞ ദിവസം 155-160 എന്ന നിലയിലേക്ക് താഴ്ന്നു. ഗ്രേഡ് ഇല്ലാത്ത റബറിന് 145രൂപയായിരുന്നു വില. ഒട്ടുകറയ്ക്ക് 110രൂപയായിരുന്നത് നൂറായി കുറഞ്ഞു. ടാപ്പിംഗ് തൊഴിലാളികൾക്ക് കൂലി നൽകാൻ പോലും വരുമാനം തികയില്ലെന്ന് കർഷകർ പറയുന്നു.

മേയ് മുതൽ നവംബർ വരെയുണ്ടായ കനത്ത മഴ സമയത്ത് ടാപ്പിംഗ് നിറുത്തിവച്ചിരുന്നു. ഇൗ സമയത്ത് വിലയിൽ വർദ്ധനവുണ്ടായി. എന്നാൽ, മഴ മാറുകയും മഞ്ഞ് കൂടുകയും ചെയ്തതോടെ ഉൽപ്പാദനം വർദ്ധിച്ചു. റബർ കർഷകരും ടാപ്പിംഗ് തൊഴിലാളികളും ആശ്വാസത്തിലായ സമയത്താണ് കഴിഞ്ഞ ദിവസങ്ങളിൽ വിലയിടിവുണ്ടായത്. ഇതോടെ റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇടത്തരം, ചെറുകിട കർഷകർ ബുദ്ധിമുട്ടിലായി.

മഴ മാറിയ ഡിസംബറിലാണ് ഉൽപ്പാദനം വർദ്ധിച്ചത്. ഒരു മാസം നല്ല നിലയിൽ റബർ കറ ലഭിച്ചുകൊണ്ടിരുന്നതിനിടെയാണ് വിലയിടിവുണ്ടായത്. കൊവിഡിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കർഷകരെ വിലയിടിവ് നിരാശപ്പെടുത്തി. മഴയിൽ വെള്ളം കയറിക്കിടന്ന പ്രദേശങ്ങളിലെ റബർ മരങ്ങൾക്ക് രോഗബാധയുണ്ട്. ഇവിടങ്ങളിൽ ഇലകൾ നേരത്തെ കൊഴിഞ്ഞു തുടങ്ങിയതായി കർഷകർ പറയുന്നു.

'' റബർ വിലയിടിവിൽ കർഷകർ പ്രതിസന്ധിയിലാണ്. ഇൗ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.

ശ്രീധരൻ, മല്ലശേരി റബർ ഉൽപ്പാദക സംഘം

Advertisement
Advertisement