സംസ്ഥാനം കൂടുതൽ കൊവിഡ് നിയന്ത്രണങ്ങളിലേക്കെന്ന് സൂചന; തീരുമാനം ഇന്നത്തെ അവലോകന യോഗത്തിൽ

Tuesday 04 January 2022 11:06 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വ‌ർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാദ്ധ്യത. ഇക്കാര്യത്തിൽ ഇന്ന് 2.45ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.

പുതുവർഷം പ്രമാണിച്ച് ഏർ‌പ്പെടുത്തിയ രാത്രികാല നിയന്ത്രണം ജനുവരി രണ്ടിന് പിൻവലിച്ചിരുന്നു. ഇത്തരത്തിലുള‌ള നിയന്ത്രണങ്ങൾ ഇനിയുണ്ടായേക്കില്ല. എന്നാൽ പകൽ സമയം പൊതുഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിനും ആൾക്കൂട്ടം ഒഴിവാക്കുന്നതിനും ആവശ്യമായ ഏതെങ്കിലും തരം നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സാദ്ധ്യതയെന്ന് സൂചനയുണ്ട്. പൊലീസ് പരിശോധനയും കടകളിൽ ഉൾപ്പടെ തിരക്ക് കുറക്കാനുമാകും ഇന്നത്തെ യോഗത്തിൽ തീരുമാനമെടുക്കുക.

രാത്രികാല നിരോധനം കൊണ്ടുവരണമെന്ന നി‌ർദ്ദേശം സർക്കാരിന് മുന്നിലുണ്ട്. എന്നാൽ വലിയ രോഗവ്യാപനമുള‌ള സമയത്ത് സ്വീകരിച്ച വർക് ഫ്രം ഹോം പോലെ നടപടികൾ ഉണ്ടാകാൻ വഴിയില്ല. ഓൺലൈനായാണ് ഇന്നത്തെ യോഗം ചേരുന്നത്.

സംസ്ഥാനത്ത് ഇന്നലെ 2560 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 30 പേർ‌ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒമിക്രോൺ ബാധിച്ചവരുടെയെണ്ണം 150 കടന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഒമിക്രോൺ രോഗികളുള‌ള മൂന്നാമത് സംസ്ഥാനമാണ് കേരളം.

Advertisement
Advertisement