ഗവർണർ വിവാദം: കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്ന് സതീശൻ

Wednesday 05 January 2022 12:29 AM IST

തിരുവനന്തപുരം: ഗവർണറുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിൽ ഒരഭിപ്രായ വ്യത്യാസവുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു.

രാഷ്ട്രപതിക്ക് ഡി-ലിറ്റിന് ശുപാർശ ചെയ്തോയെന്ന് ഗവർണറോ സർവകലാശാലയോ പറയുന്നില്ല. നിയമപരമായല്ല ഗവർണർ ഇക്കാര്യം വി.സിയോട് ആവശ്യപ്പെട്ടത്. ചെവിയിൽ പറയുകയല്ല വേണ്ടത്. ഗവർണർ ശുപാർശ ചെയ്‌തോ, സിൻഡിക്കേറ്റ് ചർച്ച ചെയ്‌തോ എന്നൊക്കെയാണ് രമേശ് ചെന്നിത്തലയും ചോദിച്ചത്. മുതിർന്ന നേതാവായ രമേശ് ചെന്നിത്തല എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തിയാൽ അതിലെന്താണ് തെറ്റ്? രമേശിനും പ്രതിപക്ഷ നേതാവിനും കെ.പി.സി.സി അദ്ധ്യക്ഷനും ഒരേ നിലപാടാണ്.

കണ്ണൂർ വി.സി പുനർ നിയമനം നിയമവിരുദ്ധമായാണ്. രണ്ട് കത്തുകളെഴുതി നിയമവിരുദ്ധമായി ഇടപെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. നിയമവിരുദ്ധ നടപടിക്ക് ഗവർണറും കൂട്ടുനിന്നു. പിന്നീട് അതു തെറ്റായിപ്പോയെന്ന് സമ്മതിച്ചു. ഈ സ്ഥിതിക്ക് ഗവർണർ ചാൻസലർ പദവിയുപയോഗിച്ച് വി.സിയുടെ രാജി ആവശ്യപ്പെടുകയോ നിയമനം റദ്ദാക്കുകയോ ചെയ്യണമായിരുന്നു. ഒന്നും ചെയ്യാതെ, ചാൻസലർ പദവിയേറ്റെടുക്കില്ലെന്നാണ് പറയുന്നത്. നിയമപരമായി പ്രവർത്തിക്കാതെ ഗവർണർ സർക്കാരിനെ സഹായിക്കുകയാണ്. ചാൻസലറുടെ അധികാരമുപയോഗിച്ചാൽ വി.സി പുറത്താകും. സർക്കാരിനെതിരെ പ്രവർത്തിക്കാൻ തയ്യാറാകാത്തതിനാലാണ് ചാൻസലർ പദവി വേണ്ടെന്ന് മാത്രം അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്.

ബി.ജെ.പിക്കാർ പ്രതികളാകാതെ കുഴൽപ്പണക്കേസ് അവസാനിച്ചതെങ്ങനെ?

ജനതാത്പര്യത്തിനനുകൂലമായാണ് കേരളത്തിലെ പ്രതിപക്ഷം നിലപാടെടുക്കുന്നത്. എന്നാൽ ബി.ജെ.പിക്ക് ഒരു കാര്യത്തിലും അഭിപ്രായമില്ല. കേന്ദ്ര ഏജൻസികൾ കേരളസർക്കാരിനെതിരെയും കേരളത്തിലെ പൊലീസ് ബി.ജെ.പി നേതാക്കൾക്കെതിരെയും നടത്തിയ അന്വേഷണങ്ങൾ രാത്രിയുടെ മറവിൽ ഒത്തുതീർപ്പാക്കുന്നു. ഒറ്റ ബി.ജെ.പിക്കാരനും പ്രതിയാകാതെ കുഴൽപ്പണക്കേസ് എങ്ങനെയാണവസാനിച്ചത്? ആർക്ക് വേണ്ടിയാണ് ആ പണമെത്തിച്ചത്?

സി.പി.എം നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒരു സുപ്രഭാതത്തിലെങ്ങനെ അവസാനിച്ചു? കേന്ദ്രമന്ത്രി വി. മുരളീധരൻ ഏറ്റവും നല്ല ഇടനിലക്കാരനാണ്. കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയ മുരളീധരനോടും സുരേന്ദ്രനോടും കേരളമേറെ കടപ്പെട്ടിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.

Advertisement
Advertisement