കെ.എസ്.ആർ.ടി.സിയിൽ സേവന- വേതന കരാർ നാളെ... നാളെ ...

Wednesday 05 January 2022 2:14 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുതിയ സേവന- വേതന കരാർ ഒപ്പിടൽ നീളുന്നു. ഭേദഗതി വരുത്തിയ കാരാറിനെ കുറിച്ച് ഇന്നലെ ചർച്ച നടത്തുമെന്ന് തിങ്കളാഴ്ച തീരുമാനിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഭേദഗതി റിപ്പോർട്ടിന്റെ പകർപ്പുകൾ പഠിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടതാണ് കാരണം. ഇന്നലെ വൈകിട്ടാണ് ഭേദഗതി വരുത്തിയ റിപ്പോർട്ട് സംഘടനകൾക്ക് മാനേജ്മെന്റ് കൈമാറിയത്. ഇന്ന് ഇതു സംബന്ധിച്ച ചർച്ച നടക്കും. ധാരണയിലെത്തിയാൽ വ്യാഴാഴ്ച കരാറിൽ ഒപ്പിടും.

അതേസമയം, നാളെ നടത്തുമെന്ന് ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്ക് തീരുമാനം പിൻവലിക്കണമെന്ന് അനൗപചാരിക ചർച്ചയിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ സംഘടനാ നേതാക്കളോട് അഭ്യർത്ഥിച്ചു. ശമ്പള വിതരണം വൈകുന്ന പതിവ് അവസാനിപ്പിക്കുക, ശമ്പളക്കരാർ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ടി.ഡി.എഫ് പണിമുടക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്. ആറിനു വൈകുന്നേരത്തിനകം മുമ്പ് ഡിസംബറിലെ ശമ്പളം വിതരണം ചെയ്യാമെന്ന് എം.ഡി അറിയിച്ചതായി ടി.ഡി.എഫ് നേതാക്കൾ അറിയിച്ചു. അടുത്ത മാസം മുതൽ അഞ്ചാം തീയതിക്കു മുമ്പ് ശമ്പള വിതരണം നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി ആന്റണി രാജു തിങ്കളാഴ്ച സംഘടനാ പ്രതിനിധികളെ അറിയിച്ചിരുന്നു. പണിമുടക്ക് കാര്യത്തിൽ ടി.ഡി.എഫ് ഇന്ന് തീരുമാനം അറിയിക്കും.