മോൻസൺ കേസിൽ ഐജി ലക്ഷ്‌മണയുടെ സസ്പെൻഷൻ പുനഃപരിശോധിക്കും; തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
Wednesday 05 January 2022 11:56 AM IST
തിരുവനന്തപുരം: മോൻസൺ മാവുങ്കലിനെ സഹായിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായ ഐ ജി ലക്ഷ്‌മണയുടെ സസ്പെൻഷൻ പുനഃപരിശോധിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിതല സമിതിയെ ഇതിനായി സർക്കാർ ചുമതലപ്പെടുത്തി. ലക്ഷ്മണയെ പ്രതി ചേർക്കാൻ വേണ്ട തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് സർക്കാരിന് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ പുനഃപരിശോധിക്കുന്നത്. അതേസമയം, സസ്‌പെൻഷൻ പുനഃപരിശോധനയുടെ ഉത്തരവിലും അബദ്ധങ്ങൾ കടന്നുകൂടിയിട്ടുണ്ട്.
ഗോകുലത്ത് ലക്ഷ്‌മൺ എന്ന് പേര് തെറ്റിച്ചതോടൊപ്പം ഐപിഎസ് എന്നതിന് പകരം ഐഎഫ്എസ് എന്നുമാണ് ഉത്തരവിൽ നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബർ 10നായിരുന്നു അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തത്.