കിവിനാട്ടിൽ ചരിത്രമെഴുതി ബംഗ്ളാ കടുവകളി

Wednesday 05 January 2022 10:05 PM IST

ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലാൻഡിനെ അവരുടെ മണ്ണിൽ ചെന്ന് കീഴടക്കി ബംഗ്ളാദേശ്

ആദ്യ ടെസ്റ്റിൽ ബംഗ്ളാദേശിന്റെ വിജയം എട്ടുവിക്കറ്റിന്,രണ്ട് മത്സര പരമ്പരയിൽ 1-0ത്തിന് മുന്നിൽ

മൗണ്ട് മൗംഗാനുയി : ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ ന്യൂസിലാൻഡിനെ എട്ടുവിക്കറ്റിന് കീഴടക്കി ബംഗ്ളാദേശ്. ഏകദിനത്തിലും ട്വന്റി-20യിലും വലിയ അട്ടിമറികൾക്ക് പേരുകേട്ട ബംഗ്ളാ കടുവകൾ ന്യൂസിലാൻഡിനെ അവരുടെ മണ്ണിൽ ചെന്നാണ് രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തോൽപ്പിച്ചത്.

അഞ്ചാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ ജയിക്കാനാവശ്യമായിരുന്ന 40 റൺസ് 16.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നാണ് ബംഗ്ലാദേശ് ചരിത്രമെഴുതിയത്.

രണ്ടാം ഇന്നിംഗ്സിൽ 21 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ബംഗ്ളാ പേസർ ഇബാദത്ത് ഹൊസൈൻ മാൻ ഓഫ് ദ മാച്ചായി. രണ്ടാം ടെസ്റ്റ് ഞായറാഴ്ച തുടങ്ങും.

ന്യൂസീലാൻഡിനെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്.

ന്യൂസീലാൻഡിനെതിരെ അവരുടെ നാട്ടിൽ ഏതുഫോർമാറ്റിലും ബംഗ്ലാദേശ് നേടുന്ന ആദ്യ ജയം.

2011-ൽ പാകിസ്ഥാന്റെ ഹാമിൽട്ടൺ ടെസ്റ്റ് ജയത്തിനു ശേഷം ന്യൂസീലൻഡിനെ സ്വന്തം നാട്ടിൽ ടെസ്റ്റിൽ തോൽപ്പിക്കുന്ന ആദ്യ ഏഷ്യൻ ടീം.

ആദ്യ ഇന്നിങ്സില്‍ 176.2 ഓവർ ബാറ്റു ചെയ്ത ബംഗ്ലാദേശ് ന്യൂസീലാൻഡ് മണ്ണിൽ ഏറ്റവും അധികം ഓവർ ബാറ്റു ചെയ്യുന്ന സന്ദർശക ടീം എന്ന റെക്കോഡും സ്വന്തമാക്കി. 2013-ൽ 170 ഓവർ ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ റെക്കോഡാണ് അവർ മറികടന്നത്.

അട്ടിമറിക്കളി ഇങ്ങനെ

മൗണ്ട് മൗംഗാനൂയിയിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് ഡെവോൺ കോൺവെയുടെ സെഞ്ച്വറി (122) മികവിൽ 328 റൺസെടുത്ത് ആൾഒൗട്ടായിരുന്നു.

മറുപടി ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ബംഗ്ലാദേശ് 458 റൺസാണ് നേടിയത്. 130 റൺസായിരുന്നു ഒന്നാം ഇന്നിംഗ്സ് ലീഡ്.

മഹ്മുദുൽ ഹസൻ (78), ക്യാപ്ടൻ മോമിനുൽ ഹഖ് (88), ലിട്ടൻ ദാസ് (86), മെഹ്ദി ഹസൻ (47) എന്നിവരുടെ ബാറ്റിംഗ് മികവിലാണു ബംഗ്ലദേശ് നിർണായക ലീഡ് നേടിയത്.

പിന്നാലെ ആറ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈന്റെ മികവിൽ ബംഗ്ലാദേശ് കിവീസിനെ രണ്ടാം ഇന്നിംഗ്സിൽ വെറും 169 റൺസിലൊതുക്കി.

ഷദ്മാൻ ഇസ്ലാം (3), നജ്മുൾ ഹുസൈൻ (17) എന്നിവരുടെ വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ വിജയത്തിലെത്തിയത്. ക്യാപ്ടൻ മോമിനുൾ ഹഖ് (13), മുഷ്ഫിഖുർ റഹീം (5) എന്നിവർ പുറത്താകാതെ നിന്നു.

സ്‌കോർ: ന്യൂസീലാൻഡ്: 328/10, 169/10, ബംഗ്ലാദേശ്: 458/10, 42/2.

കഴിഞ്ഞ 21 വർഷമായി ഞങ്ങൾ ന്യൂസിലാൻഡ് മണ്ണിൽ വിജയിച്ചിട്ടില്ല. ഇത്തവണ ഞങ്ങൾ വിജയം ലക്ഷ്യം വച്ചു. ഞങ്ങൾക്ക് അതിന് കഴിയും എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. കിവീസ് ടെസ്റ്റ് ചാമ്പ്യൻമാരാണ്. അവരെ തോൽപ്പിക്കാനായാൽ അത് ബംഗ്ലാദേശിലെ യുവതലമുറയ്ക്ക് പ്രചോദനമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.

ഞാൻ ബംഗ്ലാദേശ് എയർഫോഴ്‌സിലാണ് . അതിനാലാണ് ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോഴും സല്യൂട്ട് അടിച്ചത്.

- ഇബാദത്ത് ഹൊസൈൻ

Advertisement
Advertisement