സിൽവർ ലൈനിന് എന്തിത്ര തിടുക്കം?

Thursday 06 January 2022 12:00 AM IST

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയായ സിൽവർ ലൈനിന്റെ സാമൂഹ്യ, പാരിസ്ഥിതികാഘാതങ്ങളെ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ മുഖവിലയ്ക്കെടുക്കണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവിൽ ആവശ്യം. വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി പോലെ ജനക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതിന് പകരം, സിൽവർലൈനിനായി ധൃതി കാട്ടുന്നതെന്തിനെന്ന ചോദ്യവും യോഗത്തിലുയർന്നു.

മുൻ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഈ ചോദ്യമുയർത്തിയതെങ്കിൽ, ജനങ്ങളെ സർക്കാരിന് എതിരാക്കരുതെന്നും കല്ലിടലുമായി മുന്നോട്ട് പോകുന്നത് പ്രകോപനപരമാണെന്നുമുള്ള വിമർശനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ അടക്കമുള്ളവരുയർത്തി.

കൃഷിഭൂമിയിൽ തൂണുകൾ സ്ഥാപിച്ച് റെയിൽപാത ഒരുക്കിയ ശേഷം നിലം പഴയപടി പുനഃസ്ഥാപിക്കുമെന്നൊക്കെ പറയുന്നത് എത്രമാത്രം പ്രായോഗികമാണെന്ന് സംശയമുണ്ടെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്തില്ലെങ്കിൽ ഇപ്പോൾ ഒപ്പം നിൽക്കുന്നവരുടെയും എതിർപ്പ് നേരിടേണ്ടിവരുമെന്ന് ചിലർ പറഞ്ഞു. വിഷയത്തിൽ വിദഗ്ദ്ധ സമിതിയെ വച്ച് പഠിച്ച ശേഷം സി.പി.ഐ നിലപാടെടുക്കണമെന്നും ആവശ്യവുമുയർന്നു.

എന്നാൽ, പെട്ടെന്ന് നടക്കുന്ന പദ്ധതിയല്ല കെ-റെയിലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചു. പദ്ധതിയുടെ സാമൂഹ്യ, പാരിസ്ഥിതിക ആഘാതങ്ങൾ വിലയിരുത്തണമെങ്കിൽ ആദ്യം ഭൂമിയുടെ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകണം. പദ്ധതി കടന്നു പോകുന്ന ഭൂവിന്യാസം വിലയിരുത്താനാണ് ഇപ്പോഴത്തെ സർവേയും കല്ലിടലും. അതിന് ശേഷം പ്രദേശങ്ങളിലെ ജനങ്ങളുടെ വാദം കേൾക്കും. സർക്കാർ നിശ്ചയിക്കുന്ന വിദഗ്ദ്ധസമിതിയുടെ പഠന റിപ്പോർട്ടും ലഭ്യമാക്കും. ഇവയെല്ലാം പൂർത്തിയാവാൻ രണ്ട് വർഷമെടുക്കും. പദ്ധതി ഇടതുമുന്നണി പ്രകടനപത്രികയുടെ ഭാഗമായതിനാൽ ഇപ്പോൾ തള്ളിപ്പറയാനാവില്ലെന്നും കാനം വ്യക്തമാക്കി. ഇതിനോട് യോഗം പൊതുവിൽ യോജിച്ചു.

ബിനോയിയെ അനുകൂലിച്ചും

പ്രതികൂലിച്ചും വാദം

രാജ്യത്ത് കോൺഗ്രസ് തകർന്നാലുണ്ടാകുന്ന വിടവ് നികത്താൻ ഇടതുപക്ഷത്തിനാകില്ലെന്ന ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തിന്റെ നിലപാട് സമ്മേളനകാലത്ത് പാർട്ടി ഉയർത്തിപ്പിടിക്കേണ്ടതാണെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയപ്പോൾ, അനവസരത്തിലായിപ്പോയെന്ന വിമർശനവുമുയർന്നു.

ബി.ജെ.പിക്കെതിരായ വിശാലസഖ്യത്തിൽ കോൺഗ്രസിനെ ഒഴിച്ചുനിറുത്താനാവില്ലെന്നത് പാർട്ടി നിലപാടാണ്. ഇടത്, മതേതര, ജനാധിപത്യ ശക്തികളുടെ വിശാലസഖ്യം കഴിഞ്ഞ പാർട്ടി കോൺഗ്രസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയനയമാണെന്ന് പല അംഗങ്ങളും പറഞ്ഞു. എന്നാൽ, ഈ ഘട്ടത്തിൽ ബിനോയ്

വിശ്വത്തിന്റെ പ്രതികരണം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നായിരുന്നു മറുവാദം.

Advertisement
Advertisement