'മാപ്പിളൈ സാമ്പക്ക്' ഷൊർണൂരിൽ നൂറ് മേനി ഉറപ്പിച്ച് സംയുക്ത

Thursday 06 January 2022 12:39 AM IST

ഷൊർണൂർ: തഞ്ചാവൂരിൽ നിന്നെത്തിയ 'മാപ്പിളൈ സാമ്പക്ക് 'ഷൊർണൂരിൽ നൂറ് മേനി ഉറപ്പിച്ചിരിക്കുകയാണ് സംയുക്ത. ഷൊർണൂരിലെ കവളപ്പാറ പാടശേഖരത്തിലാണ് കാരക്കാട് ചൈതന്യയിൽ കെ.വി.സംയുക്ത തന്റെ നൂതന ജൈവകൃഷിയിൽ മാപ്പിളൈ സാമ്പക്ക് നൂറ് മേനിയുടെ വിജയ കൊയ്ത്തിന് തയ്യാറാക്കിയിരിക്കുന്നത്.

രണ്ട് വർഷമായി ഈ നെൽവിത്തിനമാണ് സംയുക്ത തന്റെ 60 സെന്റ് സ്ഥലത്തെ കൃഷിഭൂമിയിൽ വിളയിക്കുന്നത്.

ഒരു മീറ്റർ അകലത്തിൽ നടുന്നത് 50 മുതൽ 80 വരെയുള്ള ചെനർച്ചകൾ പൊട്ടിമുളച്ചു വരും. അഞ്ചര മുതൽ ആറടി വരെ ഉയരത്തിലാണ് പൂർണ വളർച്ചയെത്തിയ നെൽചെടിയുടെ ഉയരം. ജീവാമൃതം എന്ന ജൈവവളമാണ് ഉപയോഗിക്കുന്നത്. പശുവിന്റെ ചാണകം, ഗോമൂത്രം, ശർക്കര, പഴം, പയർ തുടങ്ങിയവയും കൃഷി ചെയ്യുന്ന നിലത്തിലെ മണ്ണും ചേർത്താണ് ജീവാമൃതം തയ്യാറാക്കുന്നത്.

പതിനഞ്ച് ദിവസം കൂടുമ്പോൾ വളപ്രയോഗം നൽകണം. അതുകൊണ്ട് തന്നെ ചെലവും കൂടുതലാണ്.

മാപ്പിളൈ സാമ്പയുടെ നെല്ലിന്റെ അരിക്ക് ഓൺലൈൻ മാർക്കറ്റിൽ ഒരു കിലോക്ക് 200 മുതൽ 300 രൂപ വരെയാണ് വില. ഫൈബർ, ആൻഡി ഓക്സിജൻ കണ്ടന്റ്, അയേൺ, കിഡ്ണിയെ ശക്തിപ്പെടുത്തുന്നതിനും രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിനും ഡയബറ്റിസ് കൺട്രോൾ തുടങ്ങിയവ കൊണ്ട് പോഷക സമ്പുഷ്ടമാണ് ഈ അരി.

ചെലവേറിയതും കൂടുതൽ ലാഭകരമല്ലാത്തതിനാലും കേരളത്തിൽ അപൂർവ്വമായ ഈ നെൽവിത്തിനം ഉപയോഗിക്കുന്നുള്ളൂ. ഒറ്റഞാർ നടീൽ എന്ന കൃഷിയിറക്കു രീതിയാണ് മാപ്പിളൈ സാമ്പക്കുള്ളത്.

ഒറ്റപ്പാലം പാലപ്പുറത്തെ ആയുർവേദ ഡോക്ടറായ സേതുമാധവനാണ് ഈ നെൽവിത്തിനെ കുറിച്ച് പരിചയപ്പെടുത്തുന്നത്. തമിഴ്നാട്ടിൽ വിവാഹ പ്രായമായ പുരുഷന്റെ കായികബലം വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്ന അരിയിനമാണത്രേ മാപ്പിളൈ സാമ്പ. പോളിഷ് ചെയ്യാതെ തവിടോടു കൂടിയാണ് കഴിക്കേണ്ടത്. കഴിഞ്ഞ രണ്ട് വർഷമായി ഈ നെൽവിത്തിനമാണ് കൃഷി ചെയ്യുന്നത്.

കെ.വി.സംയുക്ത.

Advertisement
Advertisement