പ്രതികളെ ഇനിയും തല്ലും,​ ആക്ഷൻ ഹീറോ ബിജുവിനെ കൂട്ടുപിടിച്ച് കേരള പൊലീസ്,​ വിവാദമായപ്പോൾ പോസ്റ്റ് മുക്കി കണ്ടം വഴി ഓടി

Wednesday 05 January 2022 11:16 PM IST

തിരുവനന്തപുരം : പൊലീസ് ക്രൂരതയ്ക്കെതിരായ വിമർശനങ്ങൾക്കിടെ മർദ്ദനത്തെ ന്യായീകരിച്ച് മീമുമായി പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ്. . മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തെ ന്യായീകരിച്ചാണ് ഫേസ്‌ബുക്ക് പേജിൽ കുറിപ്പിട്ടത്. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ ഒരു മീം ഷെയര്‍ ചെയ്താണ് പൊലീസ് സംഭവത്തെ ന്യായീകരിച്ചത്. സംഭവം വിവാദമായതോടെ മണിക്കൂറുകള്‍ക്കകം കുറിപ്പ് പിന്‍വലിച്ചു.'അല്ലയോ മഹാനുഭാവ. താങ്കള്‍ എന്തിനാണ് ഇത്തരം കുത്സിത പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടത് എന്ന് കുറ്റവാളികളോട് ചോദിക്കാണോ. ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കും,'-എന്ന് നിവിന്‍ പോളിയുടെ കഥാപാത്രമായ എസ് ഐ ബിജു ചോദിക്കുന്ന സീനാണ് പൊലീസ് പങ്കുവെച്ചത്. ചിത്രത്തിന്റെ തുടര്‍ രംഗങ്ങളും ഭാവനയും കൊണ്ട് ആലോചിച്ചു സമ്പന്നമാക്കേണ്ട എന്ന ഉപദേശവും ഷെയര്‍ ചെയ്ത മീമിനൊപ്പം പൊലീസ് നല്‍കിയിരുന്നു.

'ആദ്യ മീം സൈലന്റ്. രണ്ടാമത്തേത്: ഞങ്ങള്‍ ഞങ്ങളുടെ കര്‍ത്തവ്യം പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കും,' -എന്നാണ് വിവാദ മീമിന് ആമുഖമായി നല്‍കിയത്. പൊലീസിനെതിരെ പരാതിയില്ലെന്ന് മാവേലി എക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദനത്തിനിരയായ യാത്രക്കാരന്‍ ഷമീര്‍ പറഞ്ഞതിന് പിന്നാലെയാണ് ഈ ട്രോള്‍ എന്നതും ശ്രദ്ധേയമാണ്. ട്രോളിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പേജില്‍ നിന്ന് കുറിപ്പ് പിന്‍വലിച്ചത്.

പോസ്റ്റ് പിൻവലിക്കാൻ സാദ്ധ്യതയുണ്ടെന്ന് നേരത്തെ തന്നെ കമന്റുകൾ വന്നിരുന്നു. നല്ല ഇടി ഇടിക്കുമെന്നാണോയെന്നാണ് പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും പലരും കമന്റ് ചെയ്‌തിരുന്നു. .

Advertisement
Advertisement