കോന്നി മെഡിക്കൽ കോളേജ്: മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ 19.64 കോടി

Wednesday 05 January 2022 11:23 PM IST

കോന്നി: മെഡിക്കൽ കോളേജിൽ മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങാൻ 19,63,90,095 രൂപ കിഫ്ബി യിൽ നിന്ന് അനുവദിക്കാൻ നടപടിയായതായി കെ .യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഇതിന് ഭരണാനുമതി നൽകുന്നതിന് ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാൻ ഹൈറ്റ്സിനോട് കിഫ്ബി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യവർഷ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള സാധന സാമഗ്രികൾക്കുള്ള തുകയാണിത്. അത്യാഹിത വിഭാഗം 2.09 കോടി രൂപ, മാതൃ, നവജാത ശിശു സംരക്ഷണം ഉൾപ്പെടെയുള്ള വിഭാഗത്തിന് 2.12 കോടി, മോഡ്യുലാർ ലാബ് 2.47 കോടി, രണ്ട് മോഡ്യുലാർ ഓപ്പറേഷൻ തീയറ്റർ 1.4 കോടി, ഓപ്പറേഷൻ തീയറ്ററിനാവശ്യമായ മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സംവിധാനം 2.87 കോടി, ബ്ലഡ് ബാങ്ക് 1.15 കോടി, അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി എന്നീ വിഭാഗങ്ങൾക്ക് 3.32 കോടി, മൈക്രോബയോളജി, പത്തോളജി, കമ്മ്യൂണിറ്റി മെഡിസിൻ എന്നീ വിഭാഗങ്ങൾക്കായി 1.69 കോടി, ലക്ചർ ഹാൾ, അനാട്ടമി മ്യൂസിയം എന്നിവയ്ക്കായി 1.7 കോടി എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങൾക്ക് അനുമതിക്കായി സമർപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. ഒ.പി, ഐ.പി, അത്യാഹിത വിഭാഗം എന്നിവ പ്രവർത്തനം ആരംഭിച്ചിരുന്നു. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അനുമതിക്കായി ജീവനക്കാരെയും നിയമിച്ചിരുന്നു. മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 218.39 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു.

Advertisement
Advertisement