മലയോരത്തിന് വെളിച്ചം പകരാൻ മൂവർ സംഘം

Thursday 06 January 2022 12:26 AM IST

കണ്ണൂർ : മലയോരത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ പരിസ്ഥിതി സൗഹൃദ ജലവൈദ്യുത പദ്ധതിയുമായി മൂവർ സംഘം. ഇരിട്ടിക്കടുത്ത അയ്യൻകുന്ന് പഞ്ചായത്തിൽ കർണാടക അതിർത്തിയോട് ചേർന്ന ഏഴാം കടവിൽ ബി.ടെക് ബിരുദധാരികളായ മൂന്നു യുവാക്കളുടെ കൂട്ടായ്മയിലുള്ള പദ്ധതിക്ക് സർക്കാർ അനുമതി നൽകി. ആറു മാസത്തിനകം പ്രവർത്തനം തുടങ്ങും.

എറണാകുളം കിഴക്കമ്പലത്തെ ജിത്ത് ജോർജ്, ആലപ്പുഴ എടത്വയിലെ രോഹിത് ഗോവിന്ദ്, കണ്ണൂർ പേരാവൂരിലെ വിജേഷ് സാം സനൂപ് എന്നിവരുടെ നേതൃത്വത്തിൽ തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൂയിസോ എനർജിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലുള്ള രണ്ട് ജലവൈദ്യുതി പദ്ധതികൾ ഇടുക്കി ജില്ലയിൽ അവസാനഘട്ടത്തിലാണ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ എൻജിനിയറിംഗിൽ ബിരുദക്കാരാണ് ഇവർ. വൈദ്യുതി ഉത്പാദനത്തിന് അനുയോജ്യമായ വെള്ളച്ചാട്ടവും മറ്റുമാണ് ഇവരെ ഏഴാം കടവിലേക്ക് ആകർഷിച്ചത്. പരിശോധനയും പഠനവും നടത്തിയശേഷമാണ് അനുമതി തേടിയത്.

പദ്ധതി ഇങ്ങനെ

വളപട്ടണം പുഴയുടെ കൈവഴിയായ കുണ്ടൂർ പുഴയിലെ വെള്ളം ഏഴാംകടവിൽ സ്ഥാപിക്കുന്ന വൈദ്യുതി നിലയത്തിലേക്ക് ചെറുചാലുകൾ വഴിയെത്തിക്കും. തടയണകെട്ടി സംഭരിക്കുന്ന ജലം, വൈദ്യുതി ഉത്പാദിപ്പിച്ചശേഷം തിരികെ പുഴയിലേക്ക് ഒഴുക്കും. ആറുവർഷംമുമ്പ് കെ.എസ്.ഇ.ബി ആരംഭിച്ച അയ്യങ്കുന്നിലെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിൽനിന്ന് 18 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

350 കിലോ വാട്ട് വൈദ്യുതി പദ്ധതി

3 കോടി ചെലവ്

1 ഏക്കർ സ്ഥലം

4 രൂപ യൂണിറ്റിന് ഉത്പാദന ചെലവ്

ഉൗർജ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.

-ജിത്ത് ജോർജ്,

ഡയറക്ടർ, സൂയിസോ എനർജി

മലയോരത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവും.

-കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ

പഞ്ചായത്ത് പ്രസിഡന്റ്, അയ്യൻകുന്ന്

Advertisement
Advertisement