സ്കൂളുകൾ  അടച്ചിടില്ല;  രോഗവ്യാപനം  രൂക്ഷമായാൽ  വിദഗ്ദ്ധ  അഭിപ്രായം  തേടും:  വി  ശിവൻകുട്ടി

Thursday 06 January 2022 11:00 AM IST

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ അടയ്ക്കുന്ന കാര്യം ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കൊവിഡ് വ്യാപനം രൂക്ഷമായാൽ വിദഗ്ദ്ധ അഭിപ്രായം തേടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസ രംഗം പരിഷ്ക്കരിക്കാനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. സംസ്ഥാനത്ത് ഇതുവരെ 230 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 3.75 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി രോഗികളുടെ എണ്ണവും ടിപിആറും കുത്തനെ ഉയരുകയാണ്. ഇന്നലെ 4,801 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.