സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് 13 വ‍ർഷമായിട്ടും നഷ്ടപരിഹാരമില്ല

Friday 07 January 2022 12:02 AM IST
രാമനാട്ടുകര കിൻഫ്ര പാർക്ക്

കോഴിക്കോട്: കെ- റെയിലിന് ഭൂമി ഏറ്റെടുക്കാൻ നാലിരട്ടി വിലയും മറ്റ് വാഗ്ദാനങ്ങളും നൽകുമ്പോൾ കോടതി നിശ്ചയിച്ച തുക പോലും നൽകാതെ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയാണെന്ന ആരോപണവുമായി രാമനാട്ടുകര കിൻഫ്ര നോളേജ് പാർക്ക് ലാൻഡ് ലൂസേഴ്സ് ആക്ഷൻ കമ്മിറ്റി.

13 വർഷം മുമ്പാണ് രാമനാട്ടുകര വില്ലേജിൽ നോളേജ് പാർക്ക് സ്ഥാപിക്കാൻ 77.68 ഏക്കർ ഭൂമി കിൻഫ്ര ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്ന സമയത്ത് ഒട്ടേറെ വാഗ്ദാനങ്ങൾ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം സ്ഥലമുടകൾക്ക് നൽകിയിരുന്നു. എന്നാൽ തുച്ഛമായ തുകയാണ് നഷ്ടപരിഹാരമായി നൽകിയത്. പരാതിയുമായി വ്യവസായ മന്ത്രിയെ സമീപിച്ചപ്പോൾ ന്യായമായ തുക ലഭിക്കാൻ കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. കോഴിക്കോട് സബ് കോടതി മാർക്കറ്റ് വില നിശ്ചയിച്ചെങ്കിലും സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ പോയി. ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ചിദംബരേഷും നൈനാൻ കോശിയും അടങ്ങുന്ന ബഞ്ച് സർക്കാറിനോട് അനുരഞ്ജന ചർച്ച നടത്താൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് സബ് കോടതി വിധിച്ച തുകയിൽ നിന്ന് 5 ശതമാനം കുറച്ച് 2018 നവംബറിന് മുമ്പ് പണം നൽകണമെന്ന വ്യവസ്ഥയോടെ ഒത്തുതീർപ്പാക്കി. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ച് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോവുകയായിരുന്നു. ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരുന്നു സമയത്ത് 2019ൽ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. 45 ദിവസത്തിനകം പണം നൽകാമെന്ന് ഉറപ്പും നൽകിയെങ്കിലും അതും നടപ്പായില്ല. കഴിഞ്ഞ ഡിസംബർ രണ്ടിന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുൻകൈയെടുത്ത് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ ഡിസംബർ 31നകം പണം നൽകാമെന്നായിരുന്നു വ്യവസ്ഥ. ഇപ്പോൾ ഈ വ്യവസ്ഥയും ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹിൾ ആരോപിച്ചു.

Advertisement
Advertisement