നാരങ്ങാവിപണിയിൽ വല്ലാത്ത ചൂട് !

Thursday 06 January 2022 10:25 PM IST

പത്തനംതിട്ട: വേനൽ കനത്തതോടെ വിപണിയിൽ നാരങ്ങ വിൽപനയ്ക്ക് ചൂടേറി. എങ്കിലും വില ചൂടായിത്തുടങ്ങിയിട്ടില്ല. കേടില്ലാത്ത നാരങ്ങയ്ക്ക് കിലോഗ്രാമിന് അൻപത് രൂപയാണ് ഇപ്പോൾ വില. മുമ്പ് കിലോയ്ക്ക് മൂന്നൂറ് രൂപവരെ വില ഉയർന്നിരുന്നു.

നിർജലീകരണം തടയാൻ നാരങ്ങാവെള്ളം ഉത്തമമാണ്. വിപണിയിൽ ചെറുനാരങ്ങ ഇപ്പോൾ സുലഭമാണ്. ചന്തകളിലെ വിൽപ്പന കൂടാതെ വഴിയോരങ്ങളിലും ലഭ്യമാണ്. തമിഴ്നാട്ടിൽ തെങ്കാശിക്കടുത്ത് പുളിയംകുടിയിൽ നിന്നാണ് പത്തനംതിട്ടയിൽ ചെറുനാരങ്ങ എത്തുന്നത്. ഏജന്റുമാർ ലേലത്തിൽ പിടിച്ചാണ് മാർക്കറ്റുകളിലെത്തിക്കുന്നത്. ഒരുചാക്ക് നാരങ്ങ അൻപത് കിലോയുണ്ടാകും. അതിൽ എട്ടുകിലോയോളം കേടായിരിക്കും. അത് വിലതാഴ്ത്തി വിൽക്കും. കല്യാണങ്ങൾക്കും മറ്റു വലിയ ചടങ്ങുകൾക്കും ആവശ്യത്തിന് അനുസരിച്ചാണ് നാരങ്ങ ഇറക്കുന്നത്.

പണ്ട് നാരങ്ങ കേടാകാതെ ഒരാഴ്ചയോളം ഇരിക്കുമായിരുന്നു. ഇപ്പോൾ രണ്ട് ദിവസം കഴിഞ്ഞാൽ ഞെട്ടിന്റെ ഭാഗം കറുത്ത് ചീഞ്ഞുപോകും. വീര്യമേറിയ വളപ്രയോഗമാണ് കാരണം. മരത്തിൽ നിന്ന് പുലർച്ചെ പറിച്ചെടുത്താൽ വൈകിട്ടോടെ വിപണിയിലെത്തിക്കും. ലേലത്തിൽ എടുക്കുന്നവർ നല്ലത് തിരഞ്ഞ് തൂക്കിയെടുത്താലും കേടാകാൻ അധികനാൾ വേണ്ടിവരില്ല.

മകര മാസം അവസാനവും കുംഭം ആദ്യവും ഉൽപ്പാദനം കുറയും. ഇൗ സമയത്താണ് നാരങ്ങയുടെ വിലയേറുന്നത്.

'' നാരങ്ങാ വില ഇപ്പോൾ താഴ്ന്നു നിൽക്കുകയാണ്. അടുത്ത മാസത്തോടെ ഉൽപ്പാദനം കുറഞ്ഞാൽ വിലയേറിയേക്കും.

സെയ്ദ്, കച്ചവടക്കാരൻ.

Advertisement
Advertisement