ശിവലിംഗദാസ സ്വാമികളുടെ സമാധി ദിനാചരണം 8ന്

Thursday 06 January 2022 11:08 PM IST

ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ പ്രഥമ ശിഷ്യൻ ശിവലിംഗദാസ സ്വാമികളുടെ 104-ാമത് സമാധിദിനം

8 ന് ശിവഗിരിമഠത്തിൽ ആചരിക്കും. രാവിലെ പർണ്ണശാലയിൽ വിശേഷാൽപൂജയും പ്രാർത്ഥനയും തുടർന്ന് സന്യാസിവര്യന്മാരുടെ അനുസ്മരണപ്രഭാഷണങ്ങളും .

ഗുരുദേവൻ അരുവിപ്പുറത്ത് വിശ്രമിക്കുന്ന കാലത്താണ് നെയ്യാറ്റിൻകര മാരായമുട്ടം മണ്ണറത്തലയെന്ന നായർ കുടുംബത്തിൽ ജനിച്ച കൊച്ചപ്പി പിളള ആദ്യമായി ഗുരുസന്നിധിയിലെത്തുന്നത്. അരുവിപ്പുറത്തെ കാടുകൾ വെട്ടിത്തെളിച്ച് വാസയോഗ്യമാക്കുന്നതിലും അരുവിപ്പുറം പ്രതിഷ്ഠക്കു വേണ്ട ഒരുക്കങ്ങൾ ചെയ്യുന്നതിനും നേതൃത്വം നൽകിയ കൊച്ചപ്പി പിളളക്ക് ഒൻപത് വർഷങ്ങൾക്കു ശേഷം ഗുരുദേവൻ നേരിട്ട് സന്യാസദീക്ഷയും ശിവലിംഗദാസൻ എന്ന ദീക്ഷാനാമവും നൽകി. പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ശിവലിംഗദാസ സ്വാമിയെ സംസ്കൃതത്തിന്റെ പ്രാഥമികപാഠങ്ങളും വേദാന്തവിഷയങ്ങളും ഗുരുദേവൻ പഠിപ്പിച്ചു. പിന്നീട് പെരുനെല്ലി കൃഷ്ണൻ വൈദ്യർ, വെങ്കിടേശ്വര ശാസ്ത്രികൾ എന്നിവരുടെ അടുത്തയച്ച് ഉപരി വിദ്യാഭ്യാസം ചെയ്യിച്ചു. സംസ്കൃതത്തിലും മലയാളത്തിലും പ്രാവീണ്യം നേടിയ ശിവലിംഗദാസ സ്വാമികളാണ് ഗുരുദേവഭക്തർ നിത്യപ്രാർത്ഥനക്കുപയോഗിക്കുന്ന' ഓം ബ്രഹ്മണേ മൂർത്തിമതേ, ശ്രിതാനാം ശുദ്ധിഹേതവേ' എന്നു തുടങ്ങുന്ന ഗുരു ഷഡ്കം പ്രാർത്ഥന രചിച്ചത്. മഹാകവി കുമാരനാശാനും ശിവലിംഗദാസ സ്വാമികളും ഉറ്റ സുഹൃത്തുക്കളായിരുന്നു. ശിവലിംഗദാസ സ്വാമി സമാധിയായപ്പോൾ കുമാരനാശാൻ എഴുതിയ പറന്നുപോയ ഹംസം എന്ന കവിതയിൽ 'പറന്നുപോയല്ലോ പ്രിയമരാളമേ' എന്നാണ് വിശേഷിപ്പിച്ചിട്ടുളളത്.