ഖ്വാജയ്ക്ക് സെഞ്ച്വറി , ഓസീസിന് മികച്ച സ്കോർ

Thursday 06 January 2022 11:55 PM IST

സിഡ്നി : ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് എട്ടു വിക്കറ്റ് നഷ്‌ത്തിൽ 416 റൺസിലിൽ ഡിക്ലയർ ചെയ്തു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് രണ്ടാം ദിനം കളി നിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 13 റൺസെടുത്തിട്ടുണ്ട്. രണ്ട് റൺസ് വീതം നേടി ഹസീബ് ഹമീദും സാക്ക് ക്രാവ്‌ലിയുമാണ് കളി നിറുത്തുമ്പോൾ ക്രീസിൽ.

16 മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഉസ്മാൻ ഖ്വാജയുടെ (137) സെഞ്ച്വറിയും മുൻ നായകൻ സ്റ്റീവൻ സ്മിത്തിന്റെ (67)അർദ്ധസെഞ്ച്വറിയുമാണ് ആതിഥേയരെ മികച്ച സ്കോറിലെത്തിച്ചത്. ആദ്യ ദിനം മഴയുടെ ഇടപെടൽ മൂലം 126/3 എന്ന സ്കോറിന് കളി അവസാനിപ്പിച്ചിരുന്നു. ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ സ്മിത്തും ഖ്വാജയും നാലാംവിക്കറ്റിൽ കൂട്ടിച്ചേർത്തത് 115 റൺസാണ്. സ്മിത്ത് പുറത്തായശേഷം വാലറ്റത്ത് പാറ്റ് കമ്മിൻസ്(24),മിച്ചൽ സ്റ്റാർക്ക്(34*) എന്നിവരെക്കൂട്ടി മുന്നേറിയ ഖ്വാജ പുറത്തായപ്പോഴാണ് ആസ്ട്രേലിയ ഡിക്ളയർ ചെയ്തത്. 260 പന്തുകൾ നേരിട്ട് 13 ബൗണ്ടറികൾ പായിച്ച ഖ്വാജയെ സ്റ്റുവർട്ട് ബ്രോഡ് ബൗൾഡാക്കുകയായിരുന്നു. മത്സരത്തിൽ 29 ഓവറുകൾ എറിഞ്ഞ ബ്രോഡ് 101 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി.

Advertisement
Advertisement