ലോറിയിൽ കടത്തിയ 1.2 കോടിയുടെ ഹാൻസ് പിടികൂടി, 2പേർ അറസ്റ്റിൽ

Friday 07 January 2022 1:37 AM IST

 ഒളിപ്പിച്ചത് ഉരുളക്കിഴങ്ങ് ചാക്കുകൾക്കിടയിൽ

ചേർത്തല: ഉരുളക്കിഴങ്ങുമായെത്തിയ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ രണ്ടുലക്ഷത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് ചേർത്തല പൊലീസ് പിടികൂടി. 1.2 കോടി വിലവരും. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവർ സേലം ആറ്റൂർ തുമ്പൽ തേർക്കുകാടായ് വീഥിയിൽ അരുൾമണി (29), സഹായി സേലം ഓമല്ലൂർ കനവൈപുധൂർ കെ.എൻ.പുഡൂർ രാജശേഖർ (29) എന്നിവരാണ് അറസ്റ്രിലായത്. 100 ചാക്കുകളിലാണ് ഹാൻസ് നിറച്ചിരുന്നത്. ബംഗളൂരുവിൽ നിന്നാണ് എത്തിച്ചത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ ഇന്നലെ പുലർച്ചെ ഒന്നിന് അർത്തുങ്കൽ ബൈപ്പാസിന് സമീപം സംശയകരമായ നിലയിൽ ലോറി കണ്ടെത്തുകയായിരുന്നു. ലോറി സ്റ്റേഷനിലെത്തിച്ച് ഉരുളക്കിഴങ്ങ് ചാക്കുകളിറക്കി നടത്തിയ പരിശോധനയിലാണ് ഹാൻസ് ശേഖരം കണ്ടെത്തിയത്. അടിയിൽ ഹാൻസ് നിറച്ച ചാക്കുകളും അതിനു മുകളിലായി 280 ചെറിയ ചാക്കുകളിൽ ഉരുളക്കിഴങ്ങും അടുക്കിയിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Advertisement
Advertisement