'എടപ്പാൾ ഓട്ടം ഇനി മേൽപാലത്തിലൂടെ'; പാലം ഉദ്‌ഘാടന ചടങ്ങ് അറിയിക്കുന്ന ട്രോൾ പോസ്‌റ്റുമായി മന്ത്രി ശിവൻകുട്ടി

Friday 07 January 2022 7:32 PM IST

മലപ്പുറം: എടപ്പാൾ നിവാസികളുടെ ഏറെനാളത്തെ ആഗ്രഹമായ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നാളെയാണ്. സുമേഷ് എടപ്പാളിന്റെ ഓട്ടത്തിന്റെ ചിത്രം എടപ്പാൾ മേൽപ്പാലത്തിന് മുകളിൽ വച്ച് ട്രോളുമായി എത്തിയിരിക്കുകയാണ് ഇതിനിടെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 'എടപ്പാൾ ഓട്ടം ഇനി മേൽപ്പാലത്തിലൂടെ' എന്ന തലവാചകവുമായാണ് മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്.

ശബരിമല യുവതിപ്രവേശത്തിനെതിരായി ബിജെപി-ആർ‌എസ്‌എസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ എടപ്പാളിൽ പൊലീസ് നടപടിയുണ്ടായിരുന്നു. ഇതിന് പിന്നാലെ ബിജെപി പ്രവർത്തകർ ചിതറിയോടിയത് സമൂഹമാദ്ധ്യമങ്ങളിൽ 'എടപ്പാൾ ഓട്ടം' എന്നറിയപ്പെട്ടു. ബിജെപിയുടെ സംസ്ഥാനത്തെ ഏക സീ‌റ്റായ നേമത്ത് അവരുടെ ശക്തനായ സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയാണ് ഇത്തവണ വി.ശിവൻകുട്ടി നിയമസഭയിലെത്തിയത്.

തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ വളരയെധികം തിരക്കുണ്ടാകുന്ന പ്രധാന ജംഗ്ഷനാണ് എടപ്പാൾ. ഇവിടുത്തെ തിരക്കിന് പരിഹാരമാകും പുതിയ മേൽപ്പാലമെന്ന് കരുതുന്നു. കിഫ്‌ബി വഴി 13.6 കോടി ചിലവഴിച്ചാണ് പാലം നിർമ്മിച്ചത്. ശനിയാഴ്‌ച രാവിലെ 10ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പാലം നാടിന് സമ‌ർപ്പിക്കും. ഉദ്ഘാടനശേഷം നടക്കുന്ന പൊതുപരിപാടിയിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വി.അബ്‌ദുറഹ്‌മാൻ, ഇ.ടി മുഹമ്മദ് ബഷീർ‌ എം.പി, എംഎൽഎമാരായ പി.നന്ദകുമാർ, ആബീദ് ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുക്കും. കെ.ടി ജലീൽ എംഎൽ‌എ അദ്ധ്യക്ഷനാകും.