ബിഗ്ബാഷിൽ ഹാട്രിക്കുമായി ഗുരീന്ദർ സന്ധു

Friday 07 January 2022 9:49 PM IST

ക്വീൻസ്‌ലാൻഡ്: ആസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ ഹാട്രിക്കുമായി തിളങ്ങി ഇന്ത്യൻ വംശജനായ പേസർ ഗുരീന്ദർ സന്ധു. പെർത്ത് സ്‌കോർച്ചേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു സിഡ്‌നി തണ്ടർ താരമായ ഗുരീന്ദറിന്റെ ഹാട്രിക്ക് നേട്ടം.

ആസ്‌ട്രേലിയൻ ആഭ്യന്തര ടൂർണമെന്റുകളിൽ ഗുരീന്ദറിന്റെ മൂന്നാം ഹാട്രിക്കാണിത്. മത്സരത്തിന്റെ 12-ാം ഓവറിൽ കോളിൻ മൺറോയെ പുറത്താക്കിയ ഗുരീന്ദർ, 16-ാം ഓവറിലെ ആദ്യ പന്തിൽ ആരോൺ ഹാർഡി, രണ്ടാം പന്തിൽ ലൗറി ഇവാൻസ് എന്നിവരെ പുറത്താക്കിയാണ് ഹാട്രിക്ക് തികച്ചത്. മത്സരത്തിലാകെ നാലോവറിൽ 22 റൺസ് വഴങ്ങിയ താരം നാലു വിക്കറ്റ് വീഴ്ത്തി.

പഞ്ചാബിൽ ജനിച്ച് ആസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ് ഗുരീന്ദർ. 2018-ലെ ജെ.ടി.എൽ വൺഡേ കപ്പിൽ ടാസ്മാനിയക്ക് വേണ്ടി വിക്ടോറിയക്കെതിരേ കളിക്കുമ്പോഴാണ് ഗുരീന്ദർ കരിയറിലെ ആദ്യ ഹാട്രിക്ക് നേടുന്നത്.

പിന്നാലെ 2021 നവംബറിൽ മാർഷ് കപ്പിലും ഹാട്രിക് നേടിയ താരം ആഭ്യന്തര തലത്തിൽ 50 ഓവർ ക്രിക്കറ്റിൽ രണ്ട് ഹാട്രിക്കുകൾ നേടുന്ന ആദ്യ ബൗളറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

ആസ്‌ട്രേലിയക്കായി രണ്ട് ഏകദിനങ്ങൾ കളിച്ച താരം കൂടിയാണ് ഗുരീന്ദർ. 2015 ജനുവരിയിൽ ഇന്ത്യയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. അന്ന് അജിങ്ക്യ രഹാനെയുടെ വിക്കറ്റെടുത്ത താരം പിന്നീട് ഇംഗ്ലണ്ടിനെതിരെയും കളത്തിലിറങ്ങി ഇയാന്‍ ബെല്ലിന്റെയും ഇയോൻ മോർഗന്റെയും വിക്കറ്റ് വീഴ്ത്തിയിരുന്നു.

Advertisement
Advertisement