രാജ്യത്തെ മികച്ച നിക്ഷേപ സൗഹാർദ്ദ ഘടകങ്ങൾ കേരളത്തിലുണ്ട്,​ തെലുങ്കാനയിലെ വ്യവസായികൾക്ക് പിന്തുണ വാഗ്‌ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

Friday 07 January 2022 9:56 PM IST

ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹാര്‍ദ്ദ ഘടകങ്ങള്‍ കേരളത്തിനുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. . ഹൈദരാബാദില്‍ നടന്ന 'കേരള ഇന്‍വെസ്റ്റ്‌മെന്റ് റോഡ് ഷോ' എന്ന പരിപാടിക്ക് ശേഷം ഫേ‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സാമ്പത്തിക വികസനത്തില്‍ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോള്‍ കടന്നു പോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങള്‍ വളര്‍ത്തി ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. അതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപകരെ ഈ പ്രക്രിയയില്‍ പങ്കാളികള്‍ ആക്കേണ്ടതുണ്ട്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ന് ഹൈദരാബാദില്‍ കേരള ഇന്‍വെസ്റ്റ്‌മെന്റ് റോഡ് ഷോ എന്ന പരിപാടി സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെലങ്കാനയിലെ വ്യവസായികള്‍ക്ക് മികച്ച പിന്തുണ വാഗ്‌ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെലങ്കാനയിലെ പ്രമുഖ വ്യവസായികളും, സി.ഐ.ഐ ക്രെഡായ്, തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളും, ഐ.ടി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലെ പ്രമുഖരും പരിപാടിയുടെ ഭാഗമായി. കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും പരിപാടിയിൽ വിശദമായി ചര്‍ച്ച നടന്നു. . സംസ്ഥാനത്തിന്റെ വ്യാവസായിക വികസനം മെച്ചപ്പെടുത്താനുള്ള മികച്ച പിന്തുണ വാഗ്ദാനം ചെയ്യുകയും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. മറ്റെവിടെയും കാണാന്‍ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാര്‍ദ്ദ ഘടകങ്ങള്‍ കേരളത്തിനുണ്ട്.

സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉള്‍പ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാല്‍ അനുഗൃഹീതമാണ് ഇവിടം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നല്‍കാന്‍ കേരളത്തിനു സാധിക്കും. സംസ്ഥാനമിപ്പോള്‍ തേടുന്നത് മികച്ച പങ്കാളിത്തമാണ്. അതുറപ്പു വരുത്താന്‍ ഇത്തരം ഉദ്യമങ്ങള്‍ക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.