വഴി സ്വകാര്യ വ്യക്തി കെട്ടിയടച്ചതായി പരാതി

Saturday 08 January 2022 12:30 AM IST

നെന്മാറ: ഇരുപതിലധികം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന വഴി സ്വകാര്യ വ്യക്തി കെട്ടിയടച്ചതായി പരാതി. പല്ലാവൂർ നടവുക്കാട്ട് പാതയുടെ ഭാഗമായി വർഷങ്ങളായി ഉപയോഗിക്കുന്ന വഴിയാണ് സ്വകാര്യ വ്യക്തി കഴിഞ്ഞ ദിവസം കെട്ടിയടച്ചത്. ഇതോടെ ഇവിടെയുള്ളവർക്ക് പുറത്തേക്ക് പോകാൻ പൊതുവഴിയില്ലാതായി. ഈ ഭാഗത്തേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനായി നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് 118 മീറ്റർ കോൺക്രീറ്റ് പാത നിർമ്മിച്ചതിനു ശേഷമാണ് ഈ പാതയിലേക്ക് എത്തുന്ന വഴി സ്വകാര്യ വ്യക്തി കമ്പിവേലി ഉപയോഗിച്ച് കെട്ടിയടച്ചത്. പത്തിലധികം എസ്.സി കുടുംബങ്ങളും പല്ലാവൂർ, തെക്കുംപുറം പാടശേഖരത്തിലേക്കും പോകുന്ന പ്രധാന വഴിയാണിത്. വഴി അടച്ചതോടെ ഇവരുടെ വാഹനങ്ങൾ ഉൾപ്പെടെ വീടുകളിലേക്ക് എത്തിക്കാൻ കഴിയാത്ത സ്ഥിതിയായി. പ്രധാന പാതയോട് ചേർന്നുള്ള ഭാഗത്തായുള്ള സ്ഥലമാണ് സ്വകാര്യ വ്യക്തി പൂർണ്ണമായും കമ്പിവേലി കെട്ടുകയും പടിവയ്ക്കുകയും ചെയ്തിട്ടുള്ളത്. യാത്രയ്ക്ക് തടസം ഉണ്ടാവാതെ വഴി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പൊതുവായി ഉപയോഗിക്കുന്ന വഴി കെട്ടിയടച്ചതോടെ യാത്രാസൗകര്യം ചെയ്യുന്നതിന് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും പാടശേഖര സമിതി ഭാരവാഹികളും കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

പാടശേഖരത്തിലേക്ക് പോകാൻ കഴിയില്ല
വർഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വഴി കെട്ടിടയടച്ചതോടെ പല്ലാവൂർ, തെക്കുംപുറം പാടശേഖരത്തിലെ 80 ഹെക്ടറിലധികം വരുന്ന പാടത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. വളവും കൊയ്ത്തിനുശേഷം നെല്ലും കൊണ്ടുപോകുന്ന പ്രധാന വഴിയാണിത്. അധികൃതർക്ക് നൽകിയ പരാതിയിൽ അടിയന്തര നടപടിയുണ്ടാവണം.

പി.എൻ.രവീന്ദ്രനാഥൻ, പാടശേഖര സമിതി ഭാരവാഹി.

കാൽ നടക്കുപോലും വഴിയില്ല
കോളനിയിലുള്ളവർക്കും പ്രദേശത്തുള്ളതുമായ 20ലധികം കുടുംബങ്ങൾക്ക് കാൽ നടയാത്രയ്ക്ക് പോലും വഴിയില്ലാത്ത സ്ഥിതിയാണ്. ഇപ്പോൾ കെട്ടിയടച്ച ഭാഗത്തുള്ള പടിയിലൂടെയാണ് പ്രധാന വഴിയിലൂടെ പ്രവേശിക്കുന്നത്. ഇനി അത് പൂട്ടിയിടുക കൂടി ചെയ്താൽ പുറത്തേക്ക് വരാൻ കഴിയാത്ത സ്ഥിതിയാകും.

പി.യു.കേശവദാസ്, പ്രദേശവാസി.

പരാതി നൽകി
ജനവാസ മേഖലയിലേക്കുള്ള പ്രധാന വഴി തടസപ്പെടുത്തി സ്വകാര്യ വ്യക്തി അടച്ചുകെട്ടിയത് സംബന്ധിച്ച് പൊലീസിലും റവന്യൂ വകുപ്പിലും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അടിയന്തര നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകും.

പി.യു.രാമാനന്ദ്, പ്രദേശവാസി.

Advertisement
Advertisement