സ്വകാര്യ സർവകലാശാലകൾക്ക് കേരളം വാതിൽ തുറക്കുന്നു

Saturday 08 January 2022 12:00 AM IST

തിരുവനന്തപുരം: എതിർപ്പുകൾ മാറ്റി വച്ച്, സംസ്ഥാനത്ത് സ്വകാര്യ സർവകാശാലകൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ച് സർക്കാർ പഠിക്കുന്നു.

സ്വയംഭരണ പദവിയുള്ള രാജഗിരി കോളജ് ഒഫ് സോഷ്യൽ സയൻസ് കൽപിത സർവകലാശാലയാക്കാൻ അനുമതി തേടിയതിനു പിന്നാലെ, ഡൽഹിയിലെ അമിറ്റി ഗ്രൂപ്പ്, അതിരൂപത, ഗൾഫിലെ വിദ്യാഭ്യാസ ഗ്രൂപ്പ്, കർണാടകത്തിലെ സർവകലാശാല എന്നിവർ സ്വകാര്യസർവകലാശാലയ്ക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്വകാര്യസർവകലാശാലകൾക്ക് അനുമതി നൽകാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെ എൽ.ഡി.എഫ് നിയമസഭയിലും പുറത്തും പോരാട്ടം നടത്തി. 2016ൽ കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനിടെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാനായിരുന്ന ടി.പി.ശ്രീനിവാസനെ റോഡിൽ എസ്.എഫ്.ഐക്കാർ അടിച്ചുവീഴ്‌ത്തിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണങ്ങൾ വകവയ്ക്കാതെ യു.ജി.സി അംഗീകാരത്തോടെ സ്വകാര്യ സർവകലാശാലകൾ അനുവദിക്കരുതെന്നായിരുന്നു മുൻമന്ത്രി കെ.ടി.ജലീലിന്റെ നിലപാട്. ഇത് തള്ളി, സ്വകാര്യസർവകലാശാലകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് 19 ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും മൂന്ന് സ്വാശ്രയ എൻജിനിയറിംഗ് കോളേജുകൾക്കും സ്വയംഭരണ പദവിയുണ്ട്. ഇതിൽ മിക്കതും സ്വകാര്യ-കൽപ്പിത സർവകാശാലകളായേക്കും. തമിഴ്നാട്ടിൽ നാലും കർണാടകയിൽ ഇരുപതും സ്വകാര്യ സർവകലാശാലകളുണ്ട്.

നിബന്ധനകൾ

മെരിറ്റ്, സംവരണം, ഫീസിളവ്, സ്കോളർഷിപ്പ് എന്നിവയിൽ സർക്കാരിന് റോളില്ലാതാവും.

സർക്കാരിന് ഫീസ് നിശ്ചയിക്കാനാവില്ല. കാര്യമായ നിയന്ത്രണങ്ങളില്ലാതെ കോഴ്സുകൾ തുടങ്ങാം. പരീക്ഷയും സിബലസും സർവകലാശാല തീരുമാനിക്കും.

സെനറ്റും സിൻഡിക്കേറ്റുമില്ല. പകരം കോർട്ടും, എക്സിക്യുട്ടീവ് കൗൺസിലും

നിയന്ത്രണ സമിതിയിൽ യു.ജി.സിയുടെ ഒരു പ്രതിനിധി . ബാക്കി ഉടമയുടേത് വിദ്യാർത്ഥി പ്രതിനിധിയില്ല.

ഗവർണർ വിസിറ്റ‌ർ മാത്രം. പരാതികൾ പരിഹരിക്കേണ്ടത് പ്രൊമോട്ടർമാരടങ്ങിയ കോർട്ട്.

അഞ്ചു വർഷം കഴിഞ്ഞാൽ സംസ്ഥാനത്തെവിടെയും ഓഫ്കാമ്പസ്, സ്റ്റഡി സെന്റർ തുടങ്ങാം.

കടമ്പകളേറെ

ഇരുപതു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കേ അപേക്ഷിക്കാനാവൂ. 3.26നാക് ഗ്രേഡിംഗ് ലഭിച്ചിരിക്കണം.

നഗരങ്ങളിൽ 20 ഏക്കർ, ഗ്രാമങ്ങളിൽ 30 ഏക്കർ ഭൂമിയുള്ള കോർപറേറ്റ് മാനേജ്മെന്റുകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയ്ക്ക് തുടങ്ങാം.

മൂന്നിൽ രണ്ട് സാങ്കേതിക കോഴ്സുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ

ഇരുപതുകോടി സ്ഥിരനിക്ഷേപവും മുപ്പതു കോടി പ്രവർത്തനഫണ്ടും . അദ്ധ്യാപക-വിദ്യാ‌ർത്ഥി അനുപാതം കുറഞ്ഞത് 1:20.

Advertisement
Advertisement