പൊലീസിലെ ചിലർ ഒറ്റപ്പെട്ട ആക്ഷേപങ്ങൾക്ക് ഇടവരുത്തുന്നു: കോടിയേരി, പാർട്ടി സമ്മേളനങ്ങളിൽ പൊലീസിനെ തള്ളിപ്പറഞ്ഞിട്ടില്ല

Friday 07 January 2022 11:26 PM IST

തിരുവനന്തപുരം: നേട്ടങ്ങളുള്ളപ്പോഴും പൊലീസ് സേനയിലെ ചിലർ ഒറ്റപ്പെട്ട ആക്ഷേപങ്ങൾക്ക് ഇടവരുത്തുന്നുവെന്ന് സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അരലക്ഷം പേരുള്ള പൊലീസ് സേന യന്ത്രമനുഷ്യരുടേതല്ലെന്നും സംസ്കാരത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന സേനാംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി.

പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങളിലടക്കം വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിൽ ആഭ്യന്തരവകുപ്പിനെ ന്യായീകരിച്ചും സർക്കാരിന്റെ പൊലീസ് നയം വിശദീകരിച്ചും എഴുതിയ ലേഖനത്തിലാണ് കോടിയേരി, പൊലീസ് സേനയിൽ ഒറ്റപ്പെട്ട ആക്ഷേപങ്ങളുയരുന്നുവെന്ന് സമ്മതിക്കുന്നത്.

സംസ്കാരത്തിന് നിരക്കാത്ത പ്രവൃത്തി തുടരുന്ന സേനാംഗങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്നുള്ള മുഖ്യമന്ത്രിയുടെ നയസമീപനത്തിലൂന്നി ചില സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള വിമർശനങ്ങൾ പാർട്ടി സമ്മേളനങ്ങളിൽ വന്നത് സ്വാഭാവികമാണ്. അതിനപ്പുറം പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന നിലപാട് പാർട്ടിയുടെ ഒരു സമ്മേളനവും സ്വീകരിച്ചിട്ടില്ല. ഏത് സർക്കാരിന്റെ കാലത്തും പൊലീസ് പ്രവർത്തനത്തിൽ ആക്ഷേപങ്ങളുണ്ടാകാം. അപ്പോൾ സമയോചിതമായി ഇടപെട്ടും മര്യാദയ്ക്ക് അന്വേഷിച്ചും ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ മേൽ നടപടിയെടുക്കണം. അത് എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നുണ്ട്. മതനിരപേക്ഷതയിലൂന്നിയ ഭരണനയം ഇന്ന് ധീരമായി നടപ്പാക്കുന്നതിനാൽ പൊലീസിലും ഭരണനടപടികളിലും മത-സമുദായ ചേരിതിരിവില്ല.

സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫ് ഭരണമാണ് സംസ്ഥാനത്തുള്ളതെങ്കിലും പൊലീസിന്റെയോ മറ്റേതെങ്കിലും വകുപ്പുകളുടെയോ ഭരണ കുത്തക സി.പി.എമ്മിനല്ല. ജനങ്ങൾ തിരഞ്ഞെടുത്ത് രണ്ടാമൂഴം നൽകിയ എൽ.ഡി.എഫ് സർക്കാർ ഒരു പാർട്ടിയുടെയോ മുന്നണിയുടെയോ സ്വകാര്യസ്വത്തുമല്ല. ഈ ജനകീയ സർക്കാർ കേരളത്തിലെ എല്ലാ ജനങ്ങളുടേതുമാണ്. ആ സമീപനം ഭരണത്തിന്റെ ഓരോ ചുവടുവയ്പിലുമുണ്ടാകും. ന്യായമായ കാര്യങ്ങൾക്ക് സി.പി.എം പ്രവർത്തകർക്ക് പൊലീസ് സ്റ്റേഷനുകളിൽ ചെല്ലാം. പക്ഷേ, പൊലീസിന്റെ നീതിനിർവഹണത്തിൽ ഇടപെടാൻ പാടില്ലെന്നതാണ് പാർട്ടി നിലപാട്. കൊടും കുറ്റവാളികൾക്കായി ആരും ഇടപെടരുത്.

Advertisement
Advertisement