ഇരുട്ടടിയെന്നോണം കളർ കോഡ്, ജി പിഎസ്; തല പെരുത്ത് ടൂറിസ്റ്റ് ബസ്സുകാർ

Saturday 08 January 2022 12:46 AM IST

കോഴിക്കോട്: നികുതിഭാരം പോലും താങ്ങാനാവാത്തതിന്റെ ഗതികേടിനിടെ ജി പി എസ്, കളർ കോഡ് ചെലവു കൂടി തലയിലായപ്പോൾ നിൽക്കക്കള്ളിയില്ലാതെ ടൂറിസ്റ്റ് ബസ് ഉടമകൾ.
ജനുവരി മുതൽ ടൂറിസ്റ്റ് ബസ്സുകൾക്ക് ത്രൈമാസ നികുതിയ്ക്കൊപ്പം ഏകീകൃത കളർ കോഡും ജി.പി.എസും ഉറപ്പാക്കാൻ ഉത്തരവിറങ്ങിക്കഴിഞ്ഞു. നീണ്ട ഇടവേള പിന്നിട്ട് നിരത്തിലിറങ്ങിയ വണ്ടികൾക്കു തന്നെ വല്ലപ്പോഴുമാണ് ഓട്ടമെന്നിരിക്കെ, ഈ അധികഭാരം ഇരട്ടി ആഘാതമാവുകയാണ് ഉടമകൾക്ക്.

സംസ്ഥാനത്ത് പെർമിറ്റുള്ള പതിനഞ്ചായിരത്തിലേറെ വരുന്ന ടൂറിസ്റ്റ് ബസ്സുകളിൽ ഏതാണ്ട് അൻപത് ശതമാനം മാത്രമെ ഓട്ടം തുടങ്ങിയിട്ടുള്ളൂ. കൊവിഡ് ലോക്ക് ഡൗണിന്റെ തുടക്കത്തിൽ സ്‌റ്റോപ്പേജ് വാങ്ങി നിറുത്തിയിട്ട പല ബസ്സുകളും മാസങ്ങളോളം അനക്കമറ്റതോടെ ഏതാണ്ട് 'കിടപ്പി"ൽ തന്നെയാണ്. സീറ്റുകൾ പൊളിഞ്ഞ നിലയിലായി. ടയറുകൾ മിക്കതും പഞ്ച‌ർ. ബാറ്ററിയുടെ കഥ കഴിഞ്ഞു. എൻജിനുമുണ്ട് കാര്യമായ തകരാർ. ഈ പ്രശ്നങ്ങളൊക്കെ തീർത്ത് ബസ്സുകൾ ഇറക്കണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് മൂന്നു ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് ഉടമകൾ പറയുന്നു.

ഓട്ടം തുടങ്ങിയവയ്ക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ സവാരി ഒത്താലായെന്ന അവസ്ഥയാണിപ്പോൾ. ഒമിക്രോൺ ഭീഷണിയ്ക്ക് ആക്കം കൂടുന്ന സാഹചര്യത്തിൽ ഇനി അതും ഇല്ലാതായെന്നു വരാം. അവധിക്കാല വിനോദയാത്രകളും തീർത്ഥാടന സഞ്ചാരവും സ്‌കൂൾ - കോളേജ് എക്‌സ്‌കർഷൻ ട്രിപ്പുകളും പഠനയാത്രകളുമെല്ലാം ഏതാണ്ട് രണ്ടു വർഷമായി നിലച്ചിരിക്കുകയാണ്. നികുതി, ഇൻഷൂറൻസ്, ക്ഷേമനിധി, വായ്പാ തിരിച്ചടവ് തുടങ്ങിയവ തെറ്റിയതോടെ തന്നെ പലരും ചക്രശ്വാശം വലിക്കുന്ന അവസ്ഥയിലായി. അതിനിടയ്ക്കാണ് ഇരുട്ടടി പോലെ ജി.പി.എസും കളർ കോഡും.

നിലവിൽ 49 സീറ്റുള്ള പുഷ് ബാക്ക് സീറ്റ് വാഹനത്തിന് മൂന്നു മാസത്തേക്ക് 50,000 രൂപയാണ് നികുതി നിരക്ക്. പുഷ് ബാക്കില്ലാത്ത വാഹനങ്ങൾക്ക് 40,000 രൂപയും. മറ്റു വാഹനങ്ങൾക്കാകട്ടെ മൂന്നു മാസത്തേക്ക് പുഷ് ബാക്ക് സീറ്റൊന്നിന് 1000 രൂപയും അല്ലാത്തവയ്ക്ക് 750 രൂപയും നികുതി ഒടുക്കണം. ഇൻഷൂറൻസ് ബാദ്ധ്യതയാകട്ടെ 80,000 രൂപ മുതൽ 1,00,000 രൂപ വരെയാണ്. 855 രൂപ ക്ഷേമനിധി വിഹിതം ഇതിനൊക്കെ പുറമെ.

ജനുവരിയിൽ തുടങ്ങുന്ന ത്രൈമാസ നികുതി കൂടാതെ കഴിഞ്ഞ ആറു മാസത്തെ കുടിശ്ശികയുമുണ്ട് ബഹുഭൂരിപക്ഷം ബസ് ഉടമകൾക്കും. 46 സീറ്റുള്ള വണ്ടിക്കാർക്കു തന്നെ 1.20 ലക്ഷം അടക്കേണ്ടി വരും. കളർ കോഡ് വ്യവസ്ഥ പാലിക്കാൻ പുതിയ പെയ്ന്റടിച്ച് ഇറക്കുമ്പോഴേക്കും ചുരുങ്ങിയത് ഒന്നേകാൽ ലക്ഷം രൂപ ചെലവാകും.

''വ്യവസായം പൊതുവെ തകർച്ചയെ നേരിടുമ്പോൾ ജി.പി.എസ്, കളർ കോഡ് നിബന്ധനകൾ പൊടുന്നനെ അടിച്ചേല്പിക്കരുത്. ഇതിനു കുറച്ച് സാവകാശം കിട്ടേണ്ടതുണ്ട്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും നിവേദനം നൽകും.

മുഹമ്മദ് അലി, ജോയിന്റ് സെക്രട്ടറി,

കോൺ‌ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ്

അസോസിയേഷൻ

Advertisement
Advertisement