അച്ഛന്റെയും അമ്മയുടെയും കൈയിൽ തൂങ്ങി എയ്‌ഡൻ; അനുപമയുടെയും അജിത്തിന്റെയും ഫാമിലി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

Saturday 08 January 2022 12:11 AM IST

തിരുവനന്തപുരം: വാർത്തകളിൽ നിറഞ്ഞ ദത്ത് വിവാദത്തിന് ശേഷം അനുപമയ്‌ക്കും അജിത്തിനും ഇത് കുഞ്ഞിനെ തിരികെ ലഭിച്ചതിന്റെ സന്തോഷകാലം. കുഞ്ഞ് എയ്‌ഡനൊപ്പം കടൽതീരത്തുകൂടി നടക്കുന്ന അനുപമയുടെ കുടുംബചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്.

ഏറെനാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ തിരികെ ലഭിച്ച കുഞ്ഞിനൊപ്പം സന്തോഷത്തോടെ അജിത്തും അനുപമയും കടൽതീരത്ത് നടക്കുന്നതാണ് ചിത്രങ്ങൾ. മുണ്ടും ഷർട്ടുമാണ് കുഞ്ഞിന്റെ വേഷം.അച്ഛന്റെയും അമ്മയുടെയും കൈയിൽ തൂങ്ങിയുള‌ള കുഞ്ഞിന്റെ ചിത്രം ശ്രദ്ധ നേടിക്കഴിഞ്ഞു.

സിപിഎമ്മിനും സർക്കാരിനും വലിയ വെല്ലുവിളിയായിരുന്നു അനുപമയുടെ കേസ്. അനുപമയുടെ കുഞ്ഞിനെ ജനിച്ചയുടൻ അനധികൃതമായി ദത്ത് നൽകിയെന്ന വെളിപ്പെടുത്തൽ ശിശുക്ഷേമ സമിതിയെയും വിവാദത്തിലാക്കിയിരുന്നു. സമിതി ആന്ധ്രാ ദമ്പതികൾക്കാണ് കുഞ്ഞിനെ ദത്ത് നൽകിയത്. ഇതിന്റെ താൽക്കാലിക ദത്ത് നിർത്തലാക്കി കോടതി വഴി കുഞ്ഞിനെ അനുപമയ്‌ക്ക് ലഭിക്കുകയായിരുന്നു. കഴിഞ്ഞയാഴ്‌ച അനുപമയും അജിത്തും നിയമപരമായി വിവാഹം രജിസ്‌റ്റർ ചെയ്‌തു.